TVM++വർക്കല സലീം വധം: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി; രണ്ടാം പ്രതിയെ വെറുതെവിട്ടു

കൊച്ചി: വർക്കല സലീം വധക്കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷ ഹൈകോടതി ജീവപര്യന്തമായി കുറച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച രണ്ടാം പ്രതിയെ വെറുതെവിട്ടു. സലീമിൻെറ സുഹൃത്തായിരുന്ന ചിറയിൻകീഴ് മുടപുരം വിളയിൽ പുത്തൻവീട്ടിൽ ഷെരീഫിൻെറ വധശിക്ഷയാണ് ജസ്റ്റിസ് എ.എം ഷെഫീഖ്, ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങളുന്ന ഡിവിഷൻ ബെഞ്ച് ജീവപര്യന്തമാക്കിയത്. മറ്റൊരു സുഹൃത്തായ രണ്ടാം പ്രതി തെങ്ങൂർക്കോണം ചരുവിള വീട്ടിൽ സനോബറിനെയാണ് വെറുതെവിട്ടത്. പ്രതികൾ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. 2011 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സലീമിനെ ഷെരീഫ് പുകയിലത്തോട് കവലയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി ബിയറിൽ ലഹരി മരുന്നുചേർത്ത് ബോധം കെടുത്തിയശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം 16 കഷണമാക്കിയശേഷം ഒമ്പത് പ്ലാസ്റ്റിക് കവറുകളിലാക്കി വീട്ടുവളപ്പിൽ കുഴിച്ചിട്ടു. സലീമിൻെറ കുടുംബം പൊലീസിലും പിന്നീട് ഹൈകോടതിയിലും നൽകിയ പരാതികളെത്തുടർന്നാണ് കേസിൽ വഴിത്തിരിവുണ്ടായത്. സലീമിൽനിന്ന് കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാനാണ് ഷെരീഫ് കൊല നടത്തിയതെന്നും സനോബറിന് ഇതിൽ പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഷെരീഫിന് വധശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും പത്തു ലക്ഷം രൂപ പിഴയുമായിരുന്നു സനോബറിൻെറ ശിക്ഷ. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് വധശിക്ഷ ജീവപര്യന്തമാക്കിയത്. കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് തെളിയിക്കാൻ മതിയായ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സനോബറിനെ വെറുതെവിട്ടത്. സലീമിനോടും ഷെരീഫിനോടും ഫോണിൽ സംസാരിച്ചതിൻെറ അടിസ്ഥാനത്തിലാണ് സനോബറും കേസിൽ പ്രതിയായത്. എന്താണ് ഇവർ സംസാരിച്ചതെന്ന് വ്യക്തമല്ലാതിരിക്കെ കൊലക്കേസിൽ ശിക്ഷിക്കാനാവില്ലെന്നാണ് ഡിവിഷൻ ബെഞ്ചിൻെറ നിരീക്ഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.