പോത്തൻകോട്: തുടർച്ചയായി മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞ ആഴ്ചയിൽ കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാന്നാങ്കരയിൽ വീട് കുത്തിത്തുറന്ന് 18 പവൻ സ്വർണവും പണവും മോഷണം പോയതിനു പിന്നാലെ മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വേങ്ങോട് അസംബ്ലി ജങ്ഷനിലെ രണ്ടു വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. അതിൽ ഒരു വീട്ടിൽ നിന്നുമാത്രം 20 പവൻ സ്വർണവും 70,000 രൂപയും മോഷണം പോയി. എല്ലാ മോഷണവും നടന്നത് സമാനമായ രീതിയിലാണെന്ന് പൊലീസ് കണ്ടെത്തി. മംഗലപുരം ഇൻസ്‌പെക്ടർ തൻസീം അബ്ദുസ്സമദിൻെറ നേതൃത്വത്തിൽ ഷാഡോ പൊലീസിൻെറ സഹായത്തോടെ പ്രേത്യക അന്വേഷണ സംഘം രൂപവത്കരിച്ചു. വേങ്ങോട് അസംബ്ലി ജങ്ഷനിലെ വീടിൻെറ പരിസരത്തുള്ള വീട്ടിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാക്കൾ വന്ന കാറിൻെറ ദൃശ്യവും പൊലീസിന് ലഭിച്ചു. ഇതിൻെറയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം പൂന്തുറയിൽനിന്ന് മോഷ്ടാക്കൾ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബീമാപള്ളി സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിനു വിവരം ലഭിച്ചു. പക്ഷേ, ബീമാപള്ളി പോലുള്ള സ്ഥലത്തുകയറി തിരച്ചിൽ നടത്തുന്നത്തിൻെറ പ്രായോഗിക ബുദ്ധിമുട്ട് നിലവിൽ പൊലീസിനുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ അന്വേഷണം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ്. എന്നാൽ, ബീമാപള്ളിയിലെ പ്രദേശവാസികളുടെ സഹായത്തോടെ പ്രതികളെ പിടിക്കാൻ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. അതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായും പൊലീസ് പറയുന്നു. പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ മോഷണം നടന്ന സ്ഥലത്തെ നാട്ടുകാരും പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.