ശബരിമല: സർക്കാർ നിലപാടിൽ തെറ്റിദ്ധാരണയുണ്ടായോയെന്ന്​ പരിശോധിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സർക്കാർ നിലപാടിൽ ഏതെങ്കിലും വിഭാഗക്കാർക്ക് തെറ്റിദ്ധാരണയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇൗ വിഷയത്തിൽ താഴേതട്ടിൽ അടക്കം പരിശോധിച്ച് നിലപാട് സ്വീകരിക്കും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വ്യാപക ശ്രമമുണ്ടായി. ചിതാനന്ദപുരിയെ പോലുള്ള സന്യാസ വേഷധാരികൾ രണ്ട് മണ്ഡലങ്ങളിൽ ഒഴികെയുള്ളിടത്ത് കോൺഗ്രസിനും യു.ഡി.എഫിനും വോട്ട് ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തു. ഇൗ നീക്കത്തെ പ്രതിരോധിക്കാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തോടെ അവസാനിച്ചുപോകുന്ന ഒന്നല്ല എൽ.ഡി.എഫ്. പരാജയത്തെ ഗൗരവമായി കാണുന്നു. പ്രചാരണ ഘട്ടത്തിലടക്കം സംസ്ഥാന സർക്കാറിനെതിരെ ഒരു വികാരവും എവിടെയും ഉയർന്നില്ല. എൽ.ഡി.എഫ് പരാജയത്തിൽ യു.ഡി.എഫ് മതിമറന്ന് ആഹ്ലാദിക്കേണ്ട. ഇൗ വിജയം നേടിയത് എങ്ങനെയെന്ന് എല്ലാവർക്കുമറിയാം. എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന നല്ല വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ തൽക്കാലം വിജയിച്ചു. മോദി വീണ്ടും അധികാരത്തിൽ വരുമോയെന്ന് ഭയന്ന പാവങ്ങൾ തൽക്കാലം തങ്ങളെ ഉപേക്ഷിച്ചു. ഫലപ്രഖ്യാപന ശേഷം തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെെട്ടന്ന് അവർ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് യു.ഡി.എഫിന് ഭാവിയിൽ തിരിച്ചടിയാകും. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാൻ കോൺഗ്രസിനെക്കാൾ വാശിയോടെ മുസ്ലിം ലീഗാണ് പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ വഴിവിട്ട പ്രചാരണവും നടത്തി. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.െഎയെയും എങ്ങനെ കൂടെ നിർത്താൻ കഴിയുന്നു. മുസ്ലിംകളിലെ വളരെ ചെറിയതോതിലുള്ള തീവ്രവാദ ചിന്തകളുടെ പ്രഭവ സ്ഥാനക്കാരെ കൂടെ കൂട്ടാൻ പാടുണ്ടായിരുന്നോ. തെരഞ്ഞെടുപ്പിൽ ചില്ലറ സീറ്റും വോട്ടും വർധിപ്പിക്കാൻ ഏത് കൂട്ടരും ആകാമെന്ന നിലയിലേക്ക് മാറി. തീവ്രവാദ ഭീഷണി നിലനിൽക്കുന്ന ഘട്ടത്തിൽ ഇൗ വിഭാഗങ്ങളെ കൂടെകൂട്ടുകയാണോ വേണ്ടത്. പ്രത്യേക വികാരം ഇളക്കിവിടാനും ശ്രമിച്ചു. കേരളത്തിൽ യു.ഡി.എഫിന് വിജയിക്കാൻ പശ്ചാത്തലമൊരുക്കുക എന്ന നിലയിൽ വലതുപക്ഷ മാധ്യമങ്ങളും പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.