തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ചാണ് പുതിയ വിദ്യാലയ വർഷം ആരംഭിക്കുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. എന്ത് ചരിത്രമെന്നും ആദ്യമായിട്ടാണോ സമയത്തിന് ഫലം പ്രഖ്യാപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദർ കമീഷൻ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എൻ.എ. ഖാദർ അടിയന്തര പ്രമേയത്തിന് അനുമതി തേടി അവതരിപ്പിച്ച നോട്ടീസ് ചർച്ചയിലാണ് 'ചരിത്രം' കടന്നുവന്നത്. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. അടുത്തവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇതിനകം എത്തിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അടുത്തവർഷം 203 അധ്യയന ദിവസങ്ങൾ ലഭിക്കുന്ന തരത്തിൽ കലണ്ടറും തയാറായി. പൊതുവിദ്യാഭ്യാസ രംഗത്ത് ഒേട്ടറെ മാറ്റങ്ങൾ വന്നു. ഇനിയും മാറ്റങ്ങൾ വരണമെന്ന് ജനം ആഗ്രഹിക്കുന്നു. ഖാദർ കമീഷൻ റിപ്പോർട്ട് ഇതിൻെറ ഭാഗമാണ്. സ്കൂളുകളിൽ പല യൂനിറ്റുകളാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എസ്.എസ്.ഇ എന്നിങ്ങനെ. ഇത് ഒരു കുടുംബമാക്കി മാറ്റുകയാണ് ലക്ഷ്യം. ഒരു കാമ്പസിനകത്ത് പല യൂനിറ്റുകളുള്ളതിനാൽ ഒേട്ടറെ ബുദ്ധിമുട്ടുണ്ട്. പുതിയ നിർദേശ പ്രകാരം ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഉള്ള സ്കൂളുകളുടെ മേധാവി ഹയർ സെക്കൻഡറി പ്രിൻസിപ്പലായിരിക്കും. ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലും. എൽ.പി, യു.പി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ എന്നിവ പഴയതുപോലെ തുടരും. ഭരണതലത്തിൽ മാത്രമായിരിക്കും മാറ്റം. ഹയർ സെക്കൻഡറി ഇല്ലാത്തിടത്ത് ഹെഡ്മാസ്റ്റർ മേധാവിയായി തുടരും. നിലവിലെ പ്രമോഷൻ ഘടനയിൽ മാറ്റം വരുത്തില്ല. ഭാവിയിൽ വി.എസ്.എച്ച്.ഇ ഇല്ലാതാകും. ഹയർ സെക്കൻഡറിയായി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഇവയുടെ സംസ്ഥാനത്തെ മേധാവി ഡയറക്ടർ ജനറലായിരിക്കും. പരീക്ഷ കമീഷണറും ഇദ്ദേഹമായിരിക്കും. ഖാദർ കമീഷൻ റിപ്പോർട്ടിലെ മൂന്ന്, നാല് ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാവരുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ റിപ്പോർട്ട് വരാതെ ആദ്യഭാഗത്തെ ഏതാനം നിർദേശങ്ങൾ നടപ്പാക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണ് തിരക്കുപിടിച്ച് നടപ്പാക്കുന്നത്. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തേണ്ടതായിരുന്നു. രണ്ട് മന്ത്രിമാരെ നിയോഗിച്ച് അധികാര വികേന്ദ്രീകരണം നടപ്പാക്കുേമ്പാഴാണ് വിദ്യാഭ്യാസ രംഗത്ത് അധികാര കേന്ദ്രീകരണം നടപ്പാക്കുന്നത്. വിശദമായ ചർച്ചകൾ നടത്തിയും ആശങ്കകൾ പരിഹരിച്ചും വേണം ഖാദർ കമീഷൻ റിപ്പോർട്ട് നടപ്പാക്കാനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യം തകർക്കുന്ന റിപ്പോർട്ടാണിതെന്ന് കെ.എൻ.എ. ഖാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.