വിദ്യാർഥി രാഷ്ട്രീയം തടയുന്നത് ജനാധിപത്യ അവകാശങ്ങളെ പരിമിതപ്പെടുത്തുന്നു-എളമരം കരീം തിരുവനന്തപുരം: വിദ്യാർഥി രാഷ്ട്രീയം നിരോധിച്ച കോടതിവിധി ജനാധിപത്യ അവകാശങ്ങളെ പരിമിതപ്പെടുത്തുന്നതാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കോടതിവിധിക്ക് ന്യായീകരണവും നീതിയുമില്ല. ഇൗ സ്ഥിതിയിൽ മുന്നോട്ടുപോയാൽ തൊഴിലാളി സംഘടനകൾക്കും സമാന അനുഭവം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവ.പ്രസസ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ സമരം നടത്തി പഠിപ്പുമുടക്കുന്നുവെന്നാണ് ആരോപണം. വോട്ടവകാശമുള്ള കോളജ് വിദ്യാർഥികൾക്ക് രാഷ്ട്രീയത്തിൽ ഇടപെടാൻ അവകാശമുണ്ട്. രാഷ്ട്രീയ സംഘടനകളില്ലാത്ത കോളജുകളിൽ വർഗീയ സംഘങ്ങളാണ് വളരുന്നത്. രാഷ്ട്രീയം ഒഴിവാക്കി ബ്രോയിലർ കോഴികളെപ്പോലെ മക്കളെ വളർത്താൻ രക്ഷിതാക്കൾ ശ്രമിക്കരുത്. ആദ്യം സ്കൂളുകളിലെ രാഷ്ട്രീയപ്രവർത്തനമാണ് നിരോധിച്ചത്. ഇപ്പോൾ കോളജുകളിലേതും. തെരുവോരത്തെ സമരങ്ങൾക്കെതിരെയും വിധിയുണ്ടായി. തൊഴിലാളി സംഘടനകൾക്കും ഇതേ അനുഭവം ഉണ്ടായാൽ എന്തു ചെയ്യണമെന്ന് ഗൗരവമായി ആലോചിക്കണം. കോടതികൾ ജനപക്ഷത്ത് നിൽക്കണം. വിധിക്കെതിരെ ഹരജി നൽകാൻ സർക്കാർ തയാറാകണമെന്നും എളമരം കരീം പറഞ്ഞു. വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. സി. ജയൻബാബു, എസ്.എസ്. മോഹനകുമാരൻ നായർ, ടി. വീരാൻ, എ. ഷാജഹാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.