കൊല്ലം: സി.പി.ഐ 23ാം പാർട്ടി കോൺഗ്രസ് 2018 ഏപ്രിൽ 25 മുതൽ 29 വരെ കൊല്ലത്ത് നടക്കും. ഒരു ലക്ഷം ചുവപ്പ് വളൻറിയർമാരുടെ മാർച്ചോടെ സമ്മേളനം സമാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27 സംസ്ഥാനങ്ങളിലുള്ള ആറ് ലക്ഷത്തിൽപരം പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 750ലധികം പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും. മൂന്നു വർഷത്തെ സംഘടന- രാഷ്ട്രീയ നിലപാടുകൾ സ്വയം വിമർശനപരമായി പരിശോധിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുകയുമാണ് പാർട്ടി കോൺഗ്രസിലൂടെ ഉദ്ദേശിക്കുന്നതെന്നും കാനം വ്യക്തമാക്കി. 14 ജില്ലകളിലായി 9167 ബ്രാഞ്ചുകളും 1137 ലോക്കൽ കമ്മിറ്റികളും 170 മണ്ഡലം കമ്മിറ്റികളുമാണ് സി.പി.ഐക്ക് കേരളത്തിലുള്ളത്. ബ്രാഞ്ച് സമ്മേളനങ്ങൾ ഏറെക്കുറെ പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ നവംബർ 15 ഓടെ പൂർത്തിയാകും. അതിനുശേഷം മണ്ഡലം സമ്മേളനങ്ങൾ നടക്കും. സി.പി.ഐക്ക് കേരളത്തിൽ 1,33,410 അംഗങ്ങളാണുള്ളത്. ചുവപ്പ് വളൻറിയർമാരെ പരിശീലിപ്പിക്കുന്നതിനുള്ള ഓഫിസർമാരുടെ െട്രയിനിങ് ക്യാമ്പ് കോട്ടയത്ത് സമാപിച്ചു. ജില്ലതല ക്യാമ്പുകൾക്കും വനിതകൾക്കായുള്ള സംസ്ഥാനതല പരിശീലന ക്യാമ്പിനും ഉടൻ തുടക്കമാകും. ഏറ്റവും കൂടുതൽ വേരോട്ടമുള്ള ജില്ല എന്നത് പരിഗണിച്ചാണ് പാർട്ടി കോൺഗ്രസിന് കൊല്ലം വേദിയാകുന്നതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. എൻ. അനിരുദ്ധനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.