നിർമാണത്തിനിടെ മതിലിടിഞ്ഞ്​ ബംഗാളി തൊഴിലാളി മരിച്ചു

അരിമ്പൂർ (തൃശൂർ): നിർമാണത്തിനിടെ ഇടിഞ്ഞുവീണ കൂറ്റൻ മതിലിനടിയിൽ കുടുങ്ങി ബംഗാളി തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിേക്കറ്റു. പശ്ചിമ ബംഗാൾ ബർദൻ ജില്ലയിൽ താനി ബർദോയുടെ മകൻ പ്രദീപ് ഭാദ്രയാണ് (23) മരിച്ചത്. ഇതേ സ്ഥലത്തെ റോബി ഭാദ്രയുടെ മകൻ സുർജിത്ത് ഭാദ്രക്കാണ് (24) പരിക്ക്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11.30-ഓടെ അരിമ്പൂർ നാലാംകല്ല് വടക്ക് കായൽ റോഡിന് സമീപം ഇറിഗേഷൻ തോടിനോട് ചേർന്നായിരുന്നു അപകടം. തോടിന് സമീപത്തെ പറമ്പിൽ മതിൽ നിർമിക്കുകയായിരുന്നു ഒരു കൂട്ടം ബംഗാളി തൊഴിലാളികൾ. കരിങ്കല്ലും കോൺക്രീറ്റ് സ്ലാബും ഉപയോഗിച്ചായിരുന്നു നിർമാണം. പണി നടക്കുന്നതിനിടെ മണ്ണ് താഴ്ന്ന് മതിൽ ഇടിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീണു. ഇരുവരും കരിങ്കല്ലിനും കോൺക്രീറ്റ് സ്ലാബിനും അടിയിൽപെട്ടു. തോടിന് സമീപം താഴ്ചയുള്ള ഭാഗത്തായിരുന്നതിനാൽ പൂർണമായി കുടുങ്ങി. പ്രദീപി​െൻറ തല പുറത്ത് കാണാമായിരുന്നു. അപകടമുണ്ടായ ഉടൻ സമീപത്തുള്ളവർ ബഹളമുണ്ടാക്കി. നാട്ടുകാരെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അന്തിക്കാട് പൊലീസും ഫയർഫോഴ്സും എത്തി മതിൽ മാറ്റി ഇരുവരെയും പുറത്തെടുത്തെങ്കിലും പ്രദീപ് മരിച്ചിരുന്നു. അര മണിക്കൂറിലധികം ശ്രമിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരും ഏറെനാളായി ഇവിടെ സിജോ എന്ന കരാറുകാര​െൻറ കീഴിൽ കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെട്ടു വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.