മുളങ്കുന്നത്തുകാവ്: ഡോക്ടർമാരുടെ സമരം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ച് ശസ്ത്രക്രിയയുടെ ഊഴം കാത്ത് ചികിത്സയിലുണ്ടായിരുന്ന രോഗികൾ വിടുതൽ വാങ്ങി വീട്ടിലേക്ക് തിരിച്ചു. ശസ്ത്രക്രിയ തിയറ്റർ ബഹിഷ്കരണ സമരം കൂടി പ്രഖ്യാപിച്ചതോടെ വലിയ തിരിച്ചടിയാണ് ഈ രോഗികൾക്ക് ഉണ്ടായത്. സമരം എന്നു തീരുമെന്നതിലെ അനിശ്ചിതത്വത്തെ തുടർന്നാണ് രോഗികൾ ആശുപത്രി വിട്ടത്.
ഒരു ദിവസം ശരാശരി 50 ശസ്ത്രക്രിയകളാണ് ആശുപത്രിയിൽ മുടങ്ങുന്നത്. ഒ.പിയിൽ മുതിർന്ന ഡോക്ടർമാർ ഇല്ലാത്തതിനാൽ പുതിയ ശസ്ത്രക്രിയകൾക്ക് തിയതി നൽകുന്നതും നിർത്തിയിരിക്കുകയാണ്. സമരത്തിന്റെ പശ്ചാത്തലത്തിൽ ഒ.പിയിൽ വരുന്നവരുടെ എണ്ണവും കുറഞ്ഞു.വിവിധ അപകടങ്ങളിൽ പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾ, അർബുദ, ഹൃദയ ശസ്ത്രക്രിയകൾ എന്നിവക്കു മാത്രമാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്.
അടിയന്തര ശസ്തക്രിയകളും മുൻകൂട്ടി നിശ്ചയിച്ച അർബുദ, ഹൃദയ ശസ്ത്രക്രിയകളും മാത്രമാണ് അടുത്ത ദിവസങ്ങളിൽ നടന്നത്. ശസ്ത്രക്രിയകൾക്കായി രോഗികളെ പ്രവേശിപ്പിക്കുന്നതിൽ ശനിയാഴ്ച മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
സമരത്തിന്റെ ഭാഗമായി ഒ.പി ചികിത്സയും പേരിനു മാത്രമായി ചുരുങ്ങി. എന്നാൽ ആഴ്ചയിൽ ഒരുദിവസം മാത്രം പ്രവർത്തിക്കുന്ന ഗ്യാസ്ട്രോ, യൂറോളജി, നെഫ്രോളജി, വാതരോഗം എന്നീ ഒ.പികളിൽ മാത്രം സീനിയർ ഡോക്ടർമാരുടെ സേവനം നൽകുന്നുണ്ട്. മറ്റു ചികിത്സ വിഭാഗങ്ങളുടെ ഒ.പികളെല്ലാം പി.ജി ഡോക്ടർമാരുടെ നിയന്ത്രണത്തിലാണ്.
മുതിർന്ന ഡോക്ടർമാരുടെ സേവനം ഇല്ലാതായതോടെ ഒ.പികളിൽ രോഗികൾക്ക് വിദഗ്ധ ചികിത്സ കിട്ടാതെയായി. വാർഡുകളിലും അത്യാഹിത വിഭാഗത്തിലും ഐ.സി.യുകളിലും സേവനം നൽകുന്നുണ്ട്.
മുളങ്കുന്നത്തുകാവ്: ഡോക്ടർമാരുടെ അനിശ്ചിതകാല സമരത്തിൽ ജൂനിയർ ഡോക്ടർമാർ തിരക്കിലാണ്. ഒ.പികളിലേക്ക് തിരിയേണ്ടിവന്നത് അവരെ തിരക്കിലും ദുരിതത്തിലുമാക്കി. ഇതോടെ വാർഡുകൾ, അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങളിൽ ജൂനിയർ ഡോക്ടർമാരുടെ എണ്ണം കുറഞ്ഞു. ബാക്കിയുള്ളവർ ഈ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നത് വിശ്രമമില്ലാതെയാണ്.
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കുക, കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാക്കിയ സർക്കാർ രോഗികളെ ദുരിതത്തിൽനിന്ന് കരകയറ്റണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതിയംഗവും കെ.പി.സി.സി സെക്രട്ടറിയുമായ രാജേന്ദ്രൻ അരങ്ങത്ത് തൃശൂർ മെഡിക്കൽ കോളജിന് മുന്നിൽ തിങ്കളാഴ്ച 10 മുതൽ അഞ്ചുവരെ ഉപവസിക്കും. കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.