മാട്ടുമ്മലിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പരാതി നൽകുന്നു
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ ആറാം വാർഡ് മാട്ടുമ്മലിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബറിനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൈപ്പ് പൊട്ടി റോഡിലൂടെ ശുദ്ധജലം ഒഴുകിപ്പോകുകയാണ്. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായി. വീടുകളിലെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനെ ചൊല്ലി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് പരിഹാരത്തിന് തടസ്സമാകുന്നത്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ചാവക്കാട് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർക്കും ഗുരുവായൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്കും പരാതി സമർപ്പിച്ചു. വകുപ്പുകൾ തമ്മിലുള്ള ഉത്തരവാദിത്ത തർക്കം കാരണം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നിവേദക സംഘം വ്യക്തമാക്കി.
എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് മുനീർ അമ്പലത്ത്, ട്രഷറർ ജാഫർ വി.എ, കറുകമാട് ബ്രാഞ്ച് പ്രസിഡന്റ് ആഷിഫ് മാട്ടുമ്മൽ, പി.എസ്. അൻഷാദ് എന്നിവരാണ് എം.എൽ.എയെയും എൻജിനീയർമാരെയും കണ്ട് നിവേദനം നൽകിയത്. വിഷയത്തിൽ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.