ചാലക്കുടി: ചാലക്കുടിപ്പുഴയിലെ കോവിലകത്തുംപടി തടയണ നിർമാണം ആറുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിച്ചില്ല. ഇരുകരകളിലും അനുഭവപ്പെടുന്ന വരള്‍ച്ച പരിഹരിക്കാന്‍ 2011ല്‍ മേലൂര്‍ പഞ്ചായത്തിലെ കുന്നപ്പിള്ളിയെയും പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയെയും ബന്ധിപ്പിച്ചുകൊണ്ട് തടയണ നിർമിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. 1.25 കോടി രൂപയായിരുന്നു അന്ന് ചെലവ് കണക്കാക്കപ്പെട്ടിരുന്നത്. തുടക്കത്തില്‍ ഇരുകരകളിലുമായി ഏതാനും പണികള്‍ ആരംഭിച്ചെങ്കിലും പിന്നീട് അത് സ്തംഭിച്ചുപോകുകയാണുണ്ടായത്. ഒരു ഭാഗത്ത് കുറച്ച് തറപ്പൊക്കത്തില്‍ പണിയുകയും മറുഭാഗത്ത് അടിത്തറക്കായി കമ്പികെട്ടുകയും ചെയ്തതൊഴിച്ചാല്‍ തടയണയുമായി ബന്ധപ്പെട്ട് കാര്യമായ പണികള്‍ ഇതുവരെയും നടന്നിട്ടില്ല. വരള്‍ച്ചയുടെ സാഹചര്യത്തില്‍ കോവിലകത്തുംപടി തടയണ നിർമാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വേനല്‍കാലത്ത് സമീപപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ജലക്ഷാമം രൂക്ഷമാകുകയാണ്. ചാലക്കുടിപ്പുഴ വര്‍ഷക്കാലത്ത് കവിഞ്ഞൊഴുകുന്നുണ്ടെങ്കിലും വേനലിെൻറ ആരംഭമാകുമ്പോഴേക്കും വെള്ളം കുറയുക പതിവാണ്. വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷന്‍ ഇതിന് സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. പുഴയില്‍ ഈ ഭാഗത്ത് വെള്ളം കുറയുന്നത് പമ്പിങ്ങിനെ ബാധിക്കാറുണ്ട്. മാത്രമല്ല ഇരുകരകളിലെയും കിണറുകള്‍ വറ്റുന്നതിനാല്‍ കുടിവെള്ള ക്ഷാമവും കൃഷി നാശവും പതിവാണ്. പുഴയുടെ ഇരുവശത്തുള്ള പരിയാരവും മേലൂരും ഗ്രാമപഞ്ചായത്തുകള്‍ ചാലക്കുടിപ്പുഴയെ മാത്രം ആശ്രയിച്ച് കൃഷി നടത്തുന്ന ഗ്രാമങ്ങളാണ്. ജലപ്രശ്‌നം പരിഹരിക്കാന്‍ തടയണനിർമാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.