1. പ്രശാന്ത്, 2. ഷിബു, 3. ഇസ്ഹാഖ്, 4. വിഷ്ണു, 5. ജ്യോതിസ് തോമസ്, 6. കല, 7. സിന്ധു
തൃശൂർ: നാടും നഗരവും വിഷു ആഘോഷിക്കുന്നതിനിടയിലും വിശ്രമമില്ലാതെ പാഞ്ഞെത്തിയ പൊലീസ് സംഘം തിരികെ നൽകിയത് വിലപ്പെട്ട രണ്ട് ജീവനുകൾ. ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ നൊമ്പരമുണ്ടെങ്കിലും സന്ദർഭോചിത ഇടപെടലിലൂടെ രണ്ടുപേരെ മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതിന്റെ ചാരിതാർഥ്യത്തിലാണ് സിറ്റി പൊലീസിലെ കൺട്രോൾ റൂം സംഘം. നാർകോട്ടിക് സെൽ സബ് ഇൻസ്പെക്ടറും എസ്.പി.സി അസി. ജില്ല നോഡൽ ഓഫിസറുമായ ജ്യോതിസ് തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് വിഷുദിനത്തിൽ മാതൃകയായത്.
ഉച്ചക്ക് മൂന്നോടെയാണ് ആദ്യ സന്ദേശം വയർലെസ് സെറ്റിലൂടെ ലഭിക്കുന്നത്. കുന്നംകുളത്ത് നിന്ന് കാണാതായ ആൾ തൃശൂരിലെ ലോഡ്ജിൽ ജീവനൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു വിവരം. ഉടൻ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി. പിങ്ക് പൊലീസിലെ എ.എസ്.ഐമാരായ കല, സിന്ധു, ടൗൺ ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ ഷിബു, സി.പി.ഒ ഇസ്ഹാക് എന്നിവരും സഹായത്തിനെത്തി.
ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിൽ മുറി ചവിട്ടിത്തുറന്ന് അകത്തു കടക്കുകയായിരുന്നു. വിഷദ്രാവകം കഴിച്ച് അവശനിലയിലായിരുന്ന ഇയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഒരു ജീവൻ രക്ഷിച്ചതിന്റെ ആശ്വാസത്തിൽ മടങ്ങുമ്പോഴാണ് വൈകീട്ട് നാലോടെ അടുത്ത വിളി വരുന്നത്. ചിൽഡ്രൻസ് പാർക്കിന് മുൻവശത്ത് ഫുട്പാത്തിൽ ഒരാൾ വീണുകിടക്കുന്നു എന്നായിരുന്നു സന്ദേശം. മദ്യപിച്ച് ലക്കുകെട്ടതാണെന്നായിരുന്നു കൂടിനിന്നവരുടെ നിഗമനം. എന്നാൽ, ഇത് ശാരീരിക അസ്വാസ്ഥ്യമാണെന്ന് തിരിച്ചറിഞ്ഞ എസ്.ഐ ജ്യോതിസ് തോമസ് ഇയാളെ വിളിച്ചുണർത്താൻ ശ്രമിച്ചു. നെഞ്ചുപിടിച്ച് കണ്ണുതുറന്നയുടൻ വീണ്ടും കുഴഞ്ഞുവീണ ഇയാളെ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിച്ച് രണ്ടാമത്തെ ജീവനും പൊലീസുകാർ സുരക്ഷിതമാക്കി.
തുടർന്ന് ഡ്യൂട്ടിയിലേക്ക് മടങ്ങുന്നതിനിടെ അഞ്ചോടെ നായ്ക്കനാൽ പരിസരത്ത് 65കാരൻ കുഴഞ്ഞുവീണെന്ന സന്ദേശവുമെത്തി. ആംബുലൻസിനായി കാത്തുനിൽക്കാതെ കൺട്രോൾ റൂം വാഹനത്തിൽ സമീപത്തെ കടയിലെ ജീവനക്കാരന്റെ സഹായത്തോടെ ഇദ്ദേഹത്തെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നത് നൊമ്പരമായി.
ഇതിനിടയിലും നഗരത്തിലെ നിരവധി വാഹനാപകട സ്ഥലങ്ങളിലേക്കും ഈ സംഘം ഓടിയെത്തിയിരുന്നു. വിശ്രമമില്ലാത്ത ഡ്യൂട്ടിക്കിടയിലും രണ്ട് കുടുംബങ്ങൾക്ക് അത്താണിയാകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയോടെയാണ് ഇവർ വിഷുദിനത്തിലെ തങ്ങളുടെ ഡ്യൂട്ടി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.