ഖജനാവ് ചോർത്തുന്നത് കലയാക്കിയവരാണ് റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥർ; മന്ത്രി ജി.സുധാകരൻ

അന്തിക്കാട്: ഖജനാവിലെ പണം ചോർത്തുന്നത് കലയാക്കി നടക്കുന്നവരാണ് സെക്രട്ടറിയേറ്റിലേയും റവന്യൂ വകുപ്പിലേയും ചില ഉദ്യാഗസ്ഥരെന്ന് മന്ത്രി ജി. സുധാകരൻ. ഇവരിലൂടെ കോൺട്രാക്ടർമാർ തടിച്ചുകൊഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഴുവിൽ പുതിയ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വർഷം കൊണ്ട് തീർക്കാവുന്ന പഴുവിൽ പാലം പണിക്ക് ഏഴ് വർഷം മുമ്പ് ഭരണാനുമതി ലഭിച്ചിട്ടും ഇത്രയും കാലതാമസം ഉണ്ടായത് ആരുടെ വീഴ്ചയാണെന്ന് പരിശോധിക്കണം. സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് കരാർ ഒപ്പുവെച്ചതും തെറ്റായിപ്പോയി. വികസനത്തിനായി പൊന്നും വിലക്ക് ഭൂമി ഏറ്റെടുക്കുന്ന സർക്കാർ നയങ്ങളെ ഒരു കോടതിയും തടസ്സപ്പെടുത്തില്ല. രണ്ടു കോടി 95 ലക്ഷം രൂപക്ക് തീരേണ്ടത് മൂന്നു കോടി 15 ലക്ഷമാക്കിയത് കാലതാമസം കൊണ്ടാണ്. റിവേഴ്സ് എസ്റ്റിമേറ്റ് ഉണ്ടാക്കി കോൺട്രാക്ടർമാരെ പണച്ചാക്കുകളാക്കുന്ന പരിപാടി ഈ സർക്കാർ നിർത്തലാക്കി. സംസ്ഥാനത്ത് 376 പാലങ്ങൾ ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ജനങ്ങൾക്ക് റോഡിനോടാണ് ശ്രദ്ധ. പാലങ്ങളെ തിരിഞ്ഞു നോക്കുന്നില്ല. ഒരു വർഷം മുമ്പ് നിർമിച്ച റോഡ് തകർന്നാൽ ബഹളമാണ്. എന്നാൽ നൂറ് വർഷമുള്ള പാലം വിള്ളലായാലും ഗൗനിക്കുന്നില്ല. പാലങ്ങളിൽ മിക്കതും കാടുകയറി. ഇതിനാൽ ശോച്യവസ്ഥ കാണുന്നില്ല. പാലം തകർന്നാൽ വൻ ആ പത്താണ്. എന്നാൽ റോഡ് തകർന്നാലാണ് പരാതി. പാലങ്ങൾ നാലു മാസത്തിനുള്ളിൽ പരിശോധിക്കണം. എന്നാൽ 100 വർഷം പഴക്കമുള്ള പാലങ്ങൾ ഇനിയും പരിശോധിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 1000 പാലങ്ങൾ കൂടി നിർമിക്കും. ഇതിനായി 25,000 കോടി ചെലവഴിക്കും. ഗീതഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. പഴുവിൽ സ​െൻററിന് അനുയോജ്യമായ ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിച്ച് നൽകുമെന്ന് സി.എൻ. ജയദേവൻ എം.പി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി ശ്രീദേവി, ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി ജോസ് തുടങ്ങി ജനപ്രതിനിധികളും കക്ഷി രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും സംസാരിച്ചു. സൂപ്രണ്ടിങ് എൻജിനീയർ ടി.കെ ബൽദേവ് റിപ്പോർട്ടും ചീഫ് എൻജിനീയർ എം.എൻ. ജീവരാജ് സ്വാഗതവും എക്സിക്യൂട്ടിവ് എൻജിനീയർ എം.എസ്. സുജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.