ജീവൻരക്ഷസേനയുടെ ജീവൻ അപകടത്തിൽ

ഗുരുവായൂർ: ദുരന്തങ്ങളിൽ സ്വന്തം ജീവൻ പരിഗണിക്കാതെ പാഞ്ഞെത്തുന്ന ഗുരുവായൂരിലെ അഗ്നിശമന സേനാംഗങ്ങളുടെ ജീവൻ അപകടത്തിൽ. ഏത് നിമിഷവും നിലംപതിക്കാവുന്ന കെട്ടിടത്തിലാണ് ഫയർഫോഴ്സ് പ്രവർത്തിക്കുന്നത്. ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് നിൽക്കുന്ന കോൺക്രീറ്റ് ബീമുകൾ. മേൽക്കൂരയിൽ നിന്ന് അടർന്ന് വീഴുന്ന കോൺക്രീറ്റ് കഷണങ്ങൾ. കഷണം വീണ് ഒരു വർഷം മുമ്പ് ഫയർമാന് തലക്ക് പരിക്കേറ്റിരുന്നു. മഴയൊന്ന് പെയ്താൽ മുറികൾ നിറയെ വെള്ളം. ശുചിമുറികളുടെ മുകളിൽ നിന്നുപോലും കോൺക്രീറ്റ് അടർന്ന് വീഴുന്നതിനാൽ ധൈര്യമായി അതിനകത്ത് കയറാനാവില്ല. കാലപ്പഴക്കത്താൽ ദ്രവിച്ച വയറിങ് മൂലമുള്ള ഷോക്കേൽക്കൽ പതിവാണ്. കെട്ടിടം ഈ അവസ്ഥയിലായിട്ട് കാലമേറെയായിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. കിഴക്കെനട ജങ്ഷനിൽ ദേവസ്വത്തി​െൻറ സ്ഥലത്താണ് ഫയർസ്റ്റേഷൻ നിൽക്കുന്നത്. കണ്ണായ സ്ഥലത്ത് നിൽക്കുന്ന ഫയർസ്റ്റേഷൻ ഒഴിപ്പിച്ച് ഷോപ്പിങ് കോംപ്ലക്സ് പണിയാനാണ് ദേവസ്വം ഭരണാധികാരികളുടെ നീക്കം. ഇതിനായി പല തവണ ഫയർഫോഴ്സിനെ പടിയിറക്കാൻ ശ്രമിച്ചെങ്കിലും എതിർപ്പുമൂലം മുടങ്ങി. ഒഴിപ്പിക്കണമെന്ന പദ്ധതിയുള്ളതിനാൽ തകർന്ന് വീഴാറായ കെട്ടിടം സംരക്ഷിക്കാനും ശ്രമിക്കുന്നില്ല. 2005ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഗുരുവായൂർ സന്ദർശിച്ചപ്പോൾ ഫയർസ്റ്റേഷന് പുതിയ സ്ഥലം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മുന്നണികളും മുഖ്യമന്ത്രിമാരുമൊക്കെ മാറിയെങ്കിലും ഫയർ സ്റ്റേഷന് മാറ്റമൊന്നും ഉണ്ടായില്ല. ഏറ്റവും അവസാനമായി ദേവസ്വത്തി​െൻറ ബാച്ച്ലേഴ്സ് ക്വാർട്ടേഴ്സിനടുത്ത് സ്ഥലം നൽകാമെന്നാണ് ദേവസ്വം പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് നാട്ടികയിലെ ഫയർസ്റ്റേഷൻ കെട്ടിടത്തി​െൻറ മാതൃകയിലുള്ള പ്ലാൻ ദേവസ്വത്തിന് നൽകി. എന്നാൽ മറ്റൊരു പ്ലാൻ ദേവസ്വം തയ്യാറാക്കി ഫയർഫോഴ്സിന് നൽകുകയാണ് ചെയ്തത്. ദേവസ്വം നൽകിയ പ്ലാൻ അംഗീകരിക്കാൻ ഫയർഫോഴ്സ് തയ്യാറായെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. താൽക്കാലിക അറ്റകുറ്റപ്പണിയെങ്കിലും ചെയ്തുതരാൻ ആവശ്യപ്പെട്ടെങ്കിലും ദേവസ്വം കനിഞ്ഞില്ല. ഇൗ സാഹചര്യത്തിൽ ഗുരുവായൂർ സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും നാട്ടികയിലേക്കോ കുന്നംകുളത്തേക്കോ മാറ്റിത്തരണമെന്ന് ഉന്നത ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചിട്ടുണ്ട്. ഫയർ സ്റ്റേഷ​െൻറ അവസ്ഥ ചൂണ്ടിക്കാട്ടി എം.എൽ.എക്കും കത്ത് നൽകിയിട്ടുണ്ട്. നഗരസഭയുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നിട്ടുണ്ട്. ദേവസ്വം സ്ഥലം നൽകണമെന്നതാണ് നഗരസഭയുടെ നിലപാട്. ഗുരുവായൂർ, ചാവക്കാട് നഗരസഭ പ്രദേശങ്ങളിലും ചൂണ്ടൽ, വാടനപ്പള്ളി, തോളൂർ, വെങ്കിടങ്ങ്, എളവള്ളി, മുല്ലശ്ശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം തുടങ്ങിയ പഞ്ചായത്തുകളിലുമൊക്കെ അപകടം ഉണ്ടായാൽ ഒാടിയെത്തുന്നത് ഗുരുവായൂർ ഫയർഫോഴ്സാണ്. സുരക്ഷാപ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രത്തി​െൻറ സാമീപ്യമാണ് ഇവിടെ ആസ്ഥാനമാക്കാൻ കാരണം. മൂന്ന് അഗ്നിശമന യൂനിറ്റുകളും ഒരു ജീപ്പും ഉണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ല. 11 ഡ്രൈവർമാർ വേണ്ടിടത്ത് മൂന്ന് പേർ മാത്രമാണ് ഉള്ളത്. 24 ഫയർമാൻമാർ വേണ്ടിടത്ത് ആകെ ഒമ്പത് പേർ മാത്രമേയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.