1)വെ​ടി​ക്കെ​ട്ടി​ൽ ​കൊ​ല്ല​പ്പെ​ട്ട മ​ക​ൻ സു​ദേ​വ​ന്റെ ചി​ത്ര​വു​മാ​യി ചു​ക്ര​നും ഭാ​ര്യ രു​ഗ്മി​ണി​യും

2)അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട സ​തീ​ശി​ന്റെ ചി​ത്ര​ത്തി​ന​രി​കി​ൽ അ​മ്മ ക​ല്യാ​ണി

വെ​ന്നൂ​രി​നു​ണ്ടാ​ക​ട്ടെ വെ​ൺ​മ​യു​ള്ള ദി​ന​ങ്ങ​ൾ

തൃശൂർ: വടക്കേക്കര ദലിത് ഉന്നതിയിലെ ചുക്രനും ഭാര്യ രുഗ്മിണിക്കും നാല് ആൺമക്കളാണ്. പടക്കം, കുഴിമിന്നി അടക്കമുള്ള വിവിധ വെടിമരുന്ന് നിർമാണങ്ങളിൽ വിദഗ്ധനാണ് ചുക്രൻ. ബാല്യത്തിലേ തുടങ്ങിയതാണ് പണി. ഇപ്പോൾ 74 വയസ്സുണ്ട്. 50 വർഷത്തോളം വെടിമരുന്ന് നിറക്കൽ പണിക്ക് പോയതായി ചുക്രൻ പറയുന്നു. പണ്ട് ദലിത് കോളനിയിലുള്ളവർക്ക് നല്ല ജോലികൾ കിട്ടുക എന്നത് പ്രയാസകരമായിരുന്നു. കൂലിത്തൊഴിലിന് പോയാൽ തന്നെ വരുമാനം വളരെ കുറവ്. അങ്ങനെയാണ് ജീവന് ഭീഷണിയുണ്ടെങ്കിലും പലരും വെടിമരുന്ന് നിർമാണ തൊഴിലിലേക്ക് തിരിയുന്നത്. താനും അങ്ങനെയാണ് ഈ മേഖലയിലേക്ക് വന്നതെന്ന് ചുക്രൻ. ചുക്രനൊപ്പം വെടിമരുന്ന് ശാലകളിൽ പണിയെടുത്തിരുന്ന പലരും ഇന്നില്ല. ഈ മേഖലയിൽ പണിയെടുത്തിരുന്നവരിൽ ഉന്നതിയിൽ ശേഷിക്കുന്ന ഏക പ്രായമുള്ള വ്യക്തിയാണ് ചുക്രൻ. ചുക്രന്റെ മകൻ സുദേവൻ 2006ലെ പാടൂക്കാട് വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടയാളാണ്. അപകടം നടക്കുമ്പോൾ 25 വയസായിരുന്നു പ്രായം.

സുദേവനും അനിയൻ രമേശനും കൂടിയായിരുന്നു വെടിമരുന്ന് ശാലയിൽ പണിക്കുപോയിരുന്നത്. അച്ഛന്റെ തൊഴിൽ ഇവരും പിന്തുടരുകയായിരുന്നു. സുദേവൻ അടക്കം ഏഴ് പേരാണ് വെന്നൂരിൽനിന്നു മാത്രം പാടൂക്കാട് ദുരന്തത്തിൽ മരിച്ചത്. ലൈസൻസി രാധാകൃഷ്ണൻ, സുരേഷ് തെക്കേക്കര, സുരേഷ് ആശാരിക്കുന്ന്, അജീഷ്, സതീശ്, വേശൂട്ടൻ എന്നിവരാണ് മരണപ്പെട്ട മറ്റുള്ളവർ. സുദേവൻ മരിച്ചതോടെ അനിയർ രമേശൻ വെടിമരുന്ന് പണി എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ഇപ്പോൾ കോട്ടയത്തുള്ള ബേക്കറി നിർമാണ ശാലയിൽ തൊഴിലാളിയാണ്. കോളനിയിൽനിന്ന് ഇപ്പോൾ ആരും വെടിമരുന്ന് പണിക്കു പോകുന്നില്ലെന്ന് ചുക്രൻ പറയുന്നു. വേലായുധൻ, പാറ വേലായുധൻ എന്നിവർക്കൊപ്പമായിരുന്നു ചുക്രൻ പോയിക്കൊണ്ടിരുന്നത്. അവരൊക്കെ പ്രായമായി മരിച്ചു. ഇത്രയും കാലം ഈ പണി ചെയ്തെങ്കിലും ചെറിയ അപകടം പോലും തനിക്ക് സംഭവിച്ചിട്ടില്ലെന്നും ചുക്രൻ പറയുന്നു.

വടക്കേക്കര ഉന്നതിയിൽ കല്യാണിയുടെയും അന്ത്യാളന്റെയും ഇളയ മകൻ വെടിക്കെട്ടിൽ ചിന്നിച്ചിതറുമ്പോൾ 24 വയസായിരുന്നു പ്രായം. കല്യാണിയുടെ മൂത്ത മകൻ സന്തോഷിന്റെ ഭാര്യ സുജാത അതിനെ കുറിച്ച് പറയുന്നതിങ്ങനെ; ‘‘എന്നെ സന്തോഷേട്ടൻ ഇവിടേക്ക് വിവാഹം ചെയ്ത് കൊണ്ടുവന്ന് അധികകാലം കഴിയും മുമ്പായിരുന്നു സംഭവം. സതീശ് കൊച്ചുകുട്ടിയെ പോലെയായിരുന്നു. ഈ പണിക്ക് പോകണ്ട, വേറെ പണി നോക്കാം എന്ന് വീട്ടിൽ എല്ലാവരും അവനോട് പറയുമായിരുന്നു. ഇവരുടെ അച്ഛൻ അന്ത്യാളൻ വെടിക്കെട്ട് തൊഴിലാളി ആയിരുന്നു. സതീശനും പൂരവും ആൾക്കൂട്ടവും വെടിക്കെട്ടും ഒക്കെ ഭയങ്കര ലഹരിയായിരുന്നു. ഒടുവിൽ അവൻ ജീവൻ മറന്ന് എന്ത് ഇഷ്ടപ്പെട്ടോ അത് തന്നെ അവന്റെ ജീവനെടുത്തു’’.

അന്ത്യാളൻ മരിച്ചിട്ട് എട്ട് വർഷമായി. സതീശനെ കുറിച്ച് ചോദിച്ചാലുടൻ കല്യാണി കരഞ്ഞു തുടങ്ങും. ‘‘ഈ കോളനിയിലേക്ക് ഒന്നിന് പുറകേ ഒന്നായിട്ട് കരിഞ്ഞ ശവവുമായി ആംബുലൻസുകൾ വന്നത് ഓർക്കുമ്പോൾ ഇന്നും ഞെട്ടലാണ്. മോനായിപ്പോയില്ലേ, മറക്കണേൽ മരിക്കണം. നമ്മള് എതിര് പറഞ്ഞാൽ നിക്കുമോ. ആൺ കുട്ട്യോളല്ലേ. എപ്പോഴും സങ്കടമാണ്. വെടിക്കെട്ടും പുകയും ഒന്നും വേണ്ട. ഈ അപകട വാർത്ത അറിഞ്ഞപ്പോൾ സങ്കടം ഇരട്ടിച്ചു. ഇനി ഇങ്ങനെ ഒന്നുണ്ടാകാതിരിക്കട്ടെ. സതീശ് പോയ ശേഷം ഒരു ഉത്സവത്തിനും പോയിട്ടില്ല. പേടിയാണ്’’. കല്യാണി വിറയാർന്ന സ്വരത്തിൽ പറഞ്ഞു.

വെന്നൂരിലെ മിന്നൽ മാധവൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാധവൻ ആയിരുന്നു നാട്ടിലെ പ്രധാന വെടിക്കെട്ട് ലൈസൻസി. ഗ്രാമത്തിലെ ദലിത് വിഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു ഇവരുടെ പ്രധാന പണിക്കാർ. കണക്കൻ, കൂടാൻ എന്നീ ജാതികളിൽപെട്ടവരാണ് ഉന്നതിയിൽ താമസിക്കുന്ന 19 വീട്ടുകാരും. അപകടങ്ങൾ തുടർക്കഥയായതോടെ മാധവന്റെ കുടുംബം ഇപ്പോൾ നിർമാണ യൂനിറ്റ് നടത്തുന്നില്ല. ഇപ്പോഴും പാടത്തിന് നടുവിൽ ഉപേക്ഷിക്കപ്പെട്ട വെടിപ്പുരകൾ കാണാം.

വടക്കേക്കര ഉന്നതിയിലേക്കുള്ള വഴിയിൽ പരിചയപ്പെട്ട രണ്ട് വെന്നൂർ സ്വദേശികളുണ്ട്. പുളിക്കൽ മണികണ്ഠനും തോട്ടുങ്കൽ പ്രദീപും. രണ്ടുപേർക്കും പൂരവും വെടിക്കെട്ടും ആവേശമുള്ളവർ. ബന്ധുക്കളുമാണ്. ഇപ്പോഴും ഇടവേളകളിൽ വെടിക്കെട്ട് പണികൾക്ക് പോകാറുണ്ട്. ഈ സീസണിലും പണിക്ക് പോയെന്ന് പ്രദീപ് പറയുന്നു. കൂടുതൽ സംസാരിച്ചപ്പോഴാണ് പ്രദീപ് തന്റെ വീട്ടിലും വർഷങ്ങൾക്ക് മുമ്പ് എത്തിനോക്കിയ ദുരന്തത്തെ കുറിച്ച് മനസ്സ് തുറന്നത്. 13 വർഷങ്ങൾക്ക് മുമ്പുനടന്ന അത്താണി വെടിക്കെട്ട് ദുരന്തത്തിൽ പ്രദീപിന്റെ പിതാവ് തോട്ടുങ്കൽ രാധാകൃഷ്ണൻ മരിച്ചിരുന്നു. അപകടത്തിൽ മരിക്കുമ്പോൾ 54 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മൂന്ന് വെന്നൂർ സ്വദേശികൾക്കാണ് അന്ന് ജീവൻ പൊലിഞ്ഞത്. സജീഷ്, അജീഷ് എന്നീ യുവാക്കളും മരിച്ചു. വെന്നൂരിൽനിന്ന് നാലുപേരാണ് കഴിഞ്ഞ ആഴ്ചയുണ്ടായ മുണ്ടത്തിക്കോട് ദുരന്തത്തിൽ പെട്ടത്. ഒരാൾ മരിച്ചു. ഇനിയും ഈ ഗ്രാമത്തിലെ എത്ര വീടുകൾക്കുമേൽ തീരാ ദുഃഖത്തിന്റെ കരിനിഴൽ വീഴുമെന്നറിയാതെ കഴിയുകയാണ് നാട്ടുകാർ. ഇനിയൊരു ദുരന്ത വാർത്ത ഈ ഉന്നതിയിലേക്ക് എത്തിനോക്കാതിരിക്കട്ടെ എന്നു മാത്രമേ പ്രാർഥിക്കാനാകൂ. വെണ്ണീർകാഴ്ചകൾ മറഞ്ഞ് വെൺമയുള്ള ദിനങ്ങൾ വെന്നൂരിനുണ്ടാകട്ടെ...

Tags:    
News Summary - May Vennur have days of pure whiteness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.