തൃശൂർ: മംഗളോദയം പ്രസ് ഇൻഡസ്ട്രിയൽ സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥികൾ വിജയിച്ചു. യു.ഡി.എഫ് മത്സരിക്കാതിരുന്ന തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥികൾക്ക് എതിരായി മത്സരിച്ച സി.പി.ഐയുടെ നാലു പേരും പരാജയപ്പെട്ടു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എ.എസ്. കുട്ടി, കെ. വേണുഗോപാൽ, എം.ആർ. രാജൻ, എ. സിയാവുദ്ദീൻ, കെ. സൂരജ്, പി.വി. മോഹനൻ, കെ.ആർ. ഗോപിനാഥൻ, എ.വി. ഉണ്ണികൃഷ്ണൻ, കെ. ശ്രീകുമാർ, നളിനി ചന്ദ്രൻ, സരസ്വതി സദാശിവൻ, കെ.കെ. സരളഭായ് എന്നിവരാണ് വിജയിച്ചത്. പട്ടികജാതി സംവരണ സീറ്റിൽ പി.കെ. സുബ്രഹ്മണ്യൻ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 193 പേർ വോട്ട് രേഖപ്പെടുത്തി. സി.പി.ഐ സ്ഥാനാർഥികൾക്ക് ലഭിച്ചത് 26 വോട്ട്. ഞായറാഴ്ച വൈകിട്ട് ചേർന്ന ഭരണസമിതി യോഗത്തിൽ പ്രസിഡൻറായി കെ. വേണുഗോപാലിനെയും വൈസ് പ്രസിഡൻറായി പി.കെ. സുബ്രഹ്മണ്യനെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ സമവായമുണ്ടാക്കാൻ ജില്ല, ഏരിയ നേതൃത്വങ്ങൾ ശ്രമിച്ചില്ലെന്ന പരാതി ഉയർന്നിരുന്നു. ജില്ലയിൽ സി.പി.എം- സി.പി.ഐ തർക്കത്തിൽ എരിവ് പകരുന്നതാവും തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥികളുടെ വിജയവും സി.പി.ഐ സ്ഥാനാർഥികളുടെ പരാജയവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.