പ്രതീകാത്മക ചിത്രം
ആമ്പല്ലൂർ: പാലപ്പിള്ളിയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയിൽ പുലിയിറങ്ങി പശുക്കുട്ടിയെയും വളർത്തുനായയെയും കൊന്നു. തോട്ടം തൊഴിലാളിയായ കള്ളാടിക്കുന്നത്ത് ആലിയുടെ പശുക്കുട്ടിയും നായയുമാണ് ചത്തത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പാഡിയോട് ചേർന്ന് കെട്ടിയിട്ട പശുക്കുട്ടിയുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലാണ്. തൊട്ടടുത്ത പറമ്പിൽ ചങ്ങലയിൽ പൂട്ടിയിട്ട നായയെയും പുലി ആക്രമിച്ച് കൊന്നു. പാഡിയിലെ മറ്റ് താമസക്കാർ രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇവയെ ചത്തനിലയിൽ കണ്ടത്. പശുവിനെയും നായയെയും ആക്രമിച്ച് കൊന്നത് പുലിയാണെന്ന് സ്ഥലത്തെത്തിയ വനപാലകർ സ്ഥിരീകരിച്ചു. നാല് മാസം മുമ്പ് ഇതേ സ്ഥലത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിരുന്നു.
പാലപ്പിള്ളിയിൽനിന്ന് കാരികുളത്തേക്കുള്ള റോഡിനോട് ചേർന്നുള്ള പാഡിയിലാണ് പുലിയിറങ്ങി ഭീതിപരത്തിയത്. ഇവിടെയുള്ള നാല് പാഡികളിലായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. പാഡികൾക്ക് സമീപമുള്ള റബ്ബർ തോട്ടങ്ങൾ കാടുമൂടി കിടക്കുന്നതാണ് വന്യമൃഗശല്യത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പരിസര പ്രദേശത്തെ കാടുവെട്ടിതെളിക്കാൻ പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും കമ്പനി അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മേഖലയിൽ നിരന്തരം പുലിയുടെ ആക്രമണം ഉണ്ടായിട്ടും പുലിയെ കണ്ടെത്താനാനുള്ള കാമറ സ്ഥാപിക്കാൻ വനം വകുപ്പ് അധികൃതർ ഇടപെടുന്നില്ലെന്ന് വാർഡ് മെംബർ സതി രവി പറഞ്ഞു.
കുട്ടികൾ കളിക്കുന്ന മുറ്റത്ത് പുലിയിറങ്ങിയതോടെ ഭീതിയിലാണ് പാഡിയിലെ താമസക്കാർ. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്നും വന്യമൃഗശല്യം ഒഴിവാക്കാൻ അധികൃതർ ഇടപെടണമെന്നും പാഡിയിലെ താമസക്കാരായ മുഹമ്മദ്, മെഹറുന്നിസ എന്നിവർ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് മീന മദനന്‍റെ നേതൃത്വത്തിൽ അംഗങ്ങളായ സതി രവി, സുഹ്റ മജീദ്, ലില്ലി ബേബി, ആൻസി തോമസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വേണ്ട നടപടികൾ എടുക്കണമെന്ന ആവശ്യവുമായി ഹാരിസൺ കമ്പനി മാനേജ്മെൻറുമായി പഞ്ചായത്ത് അധികൃതർ ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.