സൻഹ മഹ്റിൻ
ചെറുതുരുത്തി: താഴപ്ര കോടൻകുന്നത്ത് അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിന്റെ (ഏഴ്) മരണം പേവിഷബാധ കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. സമ്പർക്കം പുലർത്തിയ 16 പേർക്ക് ആരോഗ്യവകുപ്പ് പേവിഷബാധ കുത്തിവെപ്പ് നൽകി. വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്ന സൻഹ ഏപ്രിൽ 28ന് മണ്ണാർക്കാട്ടെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.
മരണസമയത്ത് കുട്ടിക്ക് വെള്ളത്തിനോട് കടുത്ത വിരക്തി അനുഭവപ്പെടുകയും വായിൽനിന്ന് നുരയും പതയും വരികയും ചെയ്തിരുന്നു. സംശയം തോന്നിയ ഡോക്ടർമാരും ആരോഗ്യവകുപ്പ് അധികൃതരും ശരീരദ്രവങ്ങൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. പരിശോധനാഫലം പുറത്തുവന്നതോടെയാണ് മരണകാരണം പേവിഷബാധയെന്ന് സ്ഥിരീകരിച്ചത്.
വീടിന്റെ പരിസരത്ത് പൂച്ചകളുമായി കുട്ടികൾ കളിക്കാറുണ്ടായിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൃഗങ്ങളിൽനിന്ന് എപ്പോഴാണ് രോഗബാധയേറ്റതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മൃഗസംരക്ഷണ വകുപ്പിന് ആരോഗ്യവകുപ്പ് കത്ത് നൽകി. ചെറുതുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ഡോക്ടർമാരും താഴപ്രയിലെ വീട്ടിലും പരിസരപ്രദേശത്തും പരിശോധന നടത്തി. ബുധനാഴ്ച രാവിലെ കുട്ടിയുമായി സമ്പർക്കം പുലർത്തിയ സഹോദരനടക്കം 11 കുട്ടികൾക്കും പിതാവും മാതാവും ബന്ധുക്കളുമടക്കം മുതിർന്ന അഞ്ച് പേർക്കും പേവിഷബാധ കുത്തിവെപ്പ് നൽകി.
വരുംദിവസങ്ങളിൽ പ്രദേശത്ത് പരിശോധന ശക്തമാക്കും. എന്നാൽ, കാര്യമായി ഭയപ്പെടാൻ ഒന്നുമില്ലെന്നും മൃഗങ്ങളുമായി കൂട്ടുകൂടുമ്പോൾ ശ്രദ്ധ വേണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.