തൃശൂർ: 'വിമതം' മുഖ്യവിഷയമാക്കിയുള്ള 12-ാമത് വിബ്ജിയോർ അന്താരാഷ്ട്ര ഹ്രസ്വചിത്ര, ഡോക്യുമെൻററി ചലച്ചിത്രമേള ആഗസ്റ്റ് 23 മുതൽ 26 വരെ സംഗീത നാടക അക്കാദമിയിൽ നടക്കും. അപ്രഖ്യാപിത അടിയന്തരാവസ്ഥ അനുഭവിക്കുന്ന രാജ്യത്ത് ചർച്ച ചെയ്യേണ്ട മുഖ്യവിഷയമാണ് വിമതമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 23ന് വൈകീട്ട് അഞ്ചിന് സി. ശരത്ചന്ദ്രൻ അനുസ്മരണ പ്രഭാഷണത്തോടെ ചലച്ചിത്രമേള തുടങ്ങും. കവിയും നിരൂപകനും സാംസ്കാരിക നിരീക്ഷകനുമായ അശോക് വാജ്പേയി പ്രഭാഷണം നടത്തും. ഡോക്യുമെൻററികൾ, മലയാളം ഹ്രസ്വ ചിത്രങ്ങൾ, കുട്ടികളുടെ വിഭാഗം എന്നിവയിലെ ചെറുചിത്രങ്ങൾ പ്രദർശിപ്പിക്കും. 'പശ്ചിമഘട്ട സംരക്ഷണം, സേവ് വെസ്റ്റേൺ ഘാട്ട്' എന്നതാണ് മുഖ്യകാമ്പയിൻ. വിവിധ വിഷയങ്ങളിൽ മിനി കോൺഫറൻസുകൾ, ദലിത് ആദിവാസി പ്രശ്നങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, ജാതിയുടെയും മതത്തിെൻറയും ഭക്ഷണത്തിെൻറയും പേരിൽ കുറ്റവാളികളാക്കുന്നത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിെൻറ സഹകരണത്തോടെ ആഗസ്റ്റ് 21 മുതൽ 23 വരെ ശിൽപശാല നടത്തും. ദേശീയ അവാർഡ് ജേതാക്കളായ നന്ദൻ സക്സേനയും കവിതാ ബാലും ചേർന്ന് നടത്തുന്ന ഫോട്ടോഗ്രഫി ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് ശിൽപശാല, നീലോത്പൽ മജുംദാർ നേതൃത്വം നൽകുന്ന സംവിധായകർക്കുള്ള ഡോക്യുമെൻററി വർക്ക്ഷോപ്പ് എന്നിവയും നടക്കും. ശിൽപശാലയിൽ പങ്കെടുക്കാൻ 95678 39494, ഡെലിഗേറ്റ് പാസുകൾക്ക് 94478 93066 നമ്പറുകളിൽ ബന്ധപ്പെടണം. മേളയിലേക്ക് ചലച്ചിത്രങ്ങൾ അയക്കാനുള്ള അവസാന തീയതി 27. ഫെസ്റ്റിവൽ ഡയറക്ടർ റാസി മുഹമ്മദ്, വിബ്ജിയോർ പ്രസിഡൻറ് ശരത് ചേലൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഫാ. ബെന്നി ബെനഡിക്ട്, ലൂയി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.