തൃശൂർ: ഉപ്പ് തൊട്ട് കർപ്പൂരം വരെയുണ്ട് ഐ.ആര്‍.ഡി.പി ഓണം-ബക്രീദ് മേളയിൽ. ഒാണാഘോഷം സമ്പന്നമാക്കാൻ 16 ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നും സ്ത്രീകൾ അടക്കമുള്ള സംരംഭകർ ഇവിടെയുണ്ട്. അടുക്കളയിലേക്കും വീട്ടിലേക്കും ആവശ്യമായ സാധനങ്ങൾ വാങ്ങാൻ കനത്ത മഴ അവഗണിച്ചും കുടുംബാംഗങ്ങൾ മേള തുടങ്ങിയ ചൊവ്വാഴ്ച രാവിലെതന്നെ എം.ജി റോഡിലെ ശ്രീശങ്കര ഹാളിലേക്ക് ഒഴുകിയെത്തി. കനത്ത മഴ ഐ.ആര്‍.ഡി.പി മേളയുടെ സമൃദ്ധിക്ക് അൽപം മങ്ങലേൽപിച്ചിട്ടുണ്ട്. മേളക്ക് സ്വാഗതമോതുന്ന മൺപാത്ര നിർമാതാക്കളുടെ അഭാവവും കാർഷികോൽപന്നങ്ങളുടെ കുറവും നിഴലിക്കുന്നുണ്ട്. മലയോര മേഖലയിൽനിന്നുള്ള കർഷകരും മൺപാത്ര നിർമാതാക്കളും ബുധനാഴ്ച മേളയിൽ സജീവമാകുമെന്നാണ് സംഘാടകർ പറയുന്നത്. അതിരപ്പിള്ളിയില്‍നിന്നുള്ള കാട്ടുതേന്‍, മുള ഉൽപന്നങ്ങള്‍, ചൂരല്‍ ഫര്‍ണിച്ചറുകള്‍ എന്നിവർക്ക് ആവശ്യക്കാർ ഏറെയാണ്. കുത്താമ്പുള്ളി കൈത്തറി, കുടുംബശ്രീയുടെ അച്ചാർ, കറി പൗഡറുകള്‍, ചക്ക വിഭവങ്ങള്‍ എന്നിവയുടെ വൻ ശേഖരമുണ്ട്. കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങളും മേളയിലുണ്ട്. കരകൗശല വസ്തുക്കൾ, കുട്ട, വട്ടി, മുറം, ഉറി തുടങ്ങിയ ഗ്രാമീണ വീട്ടുപകരണങ്ങൾ, മുള, തെങ്ങ്, ചകിരി ഉൽപന്നങ്ങൾ, മരത്തിലും ചിരട്ടയിലും നിർമിച്ച കളിപ്പാട്ടങ്ങൾ, മൺപാത്രങ്ങൾ, നെറ്റിപ്പട്ടം, കൈത്തറി വസ്ത്രങ്ങൾ എന്നിവ ലഭ്യമാണ്. കേരള വനം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, കുടുംബശ്രീ, സമ്പൂർണ ശുചിത്വ യജ്ഞം എന്നിവയുടെ സ്റ്റാളുകളുമുണ്ട്. സ്റ്റാളുകൾ പ്ലാസ്റ്റിക് നിരോധിതമാെണന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. പ്ലാസ്റ്റിക് നിരുത്സാഹപ്പെടുത്താൻ കച്ചവടക്കാര്‍ക്ക് സൗജന്യമായി തുണിസഞ്ചി വിതരണം ചെയ്യുന്നുണ്ട്. ഒരു േകാടിയോളം രൂപയുടെ ഉൽപന്നങ്ങളാണ് വിൽപനക്ക് എത്തിച്ചിട്ടുള്ളത്. 500 രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവർക്ക് ദിവസവും നറുക്കെടുപ്പിലൂടെ സമ്മാനമുണ്ട്. മേളയുടെ അവസാന ദിവസം ബമ്പര്‍ സമ്മാനമായി 10,000 രൂപയുടെ കൈത്തറി വസ്‌ത്രങ്ങളും നൽകും. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് പി.കെ. ബിജു എം.പി നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിക്കും. വിപണനോദ്ഘാടനം മേയർ അജിത ജയരാജൻ നിർവഹിക്കും. കലക്ടർ ഡോ. എ. കൗശിഗൻ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.