തമ്പുരാൻപടി മേഖലയിൽ പര്യടനത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ. അക്ബറിന് പൂക്കൾ നൽകി സ്വീകരിക്കുന്നു
ചാവക്കാട്: രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂർ. 2006 മുതൽ തുടർച്ചയായി ഇടതുപക്ഷത്തെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള ഗുരുവായൂരിൽ അഞ്ചാം തവണയും തങ്ങളുടെ ആധിപത്യം നിലനിർത്താൻ പൊരിഞ്ഞ പോരാട്ടത്തിലാണ് എൽ.ഡി.എഫ്. മാറാൻ ഉറച്ച് ഗുരുവായൂർ എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങളിലേക്ക് ഇറങ്ങി സജീവ പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട് യു.ഡി.എഫും സ്ഥാനാർഥി സി.എച്ച്. റഷീദും. നിലവിലെ എം.എൽ.എ എൻ.കെ. അക്ബർ തന്നെയാണ് ഇത്തവണയും എൽ.ഡി.എഫിനായി കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും ഗുരുവായൂർ മേൽപാലം നിർമാണം ഉൾപ്പെടെ പശ്ചാത്തല സൗകര്യ വികസനങ്ങളും വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് മണ്ഡലം നിലനിർത്തുക എന്നത് എൽ.ഡി.എഫിന് നിർണായകമാണ്. മണ്ഡലം രൂപീകൃതമായ കാലം മുതൽ പലതവണ യു.ഡി.എഫിനെ തുണച്ച ചരിത്രമാണ് ഗുരുവായൂരിനുള്ളത്. 2021ൽ കെ.എൻ.എ ഖാദറിലൂടെ പയറ്റിയ പരീക്ഷണം പരാജയപ്പെട്ടെങ്കിലും പ്രാദേശിക സ്വാധീനമുള്ള നേതാവിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ശ്രമം. തീരദേശ മേഖലയിലെ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണ് പ്രധാന പ്രതീക്ഷ.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം നടത്തിയ ‘ഹിന്ദു എം.എൽ.എ’ പരാമർശം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, നേർക്കുനേർ മത്സരിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും പ്രചാരണായുധമായി ബി.ജെ.പി ഡീൽ രാഷ്ട്രീയം ഉപയോഗിക്കുന്നു. ഇരു പാർട്ടികളും തെരഞ്ഞെടുപ്പ് ഗോദയിൽ ഡീൽ ആരോപണം ശക്തമായി ഉന്നയിക്കുന്നുണ്ട്.
2006 മുതൽ എൽ.ഡി.എഫ് ആണ് ഗുരുവായൂർ മണ്ഡലം വാഴുന്നത്. 2006ൽ ഇപ്പോഴത്തെ സി.എച്ച്. റഷീദ് 12,309 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. അബ്ദുൾ ഖാദറിനോട് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഭവിച്ച ചാവക്കാട് നഗരസഭ ചെയർമാൻ കെ.പി. വത്സലന്റെ കൊലപാതകം യു.ഡി.എഫിന് അന്ന് വൻ തിരിച്ചടിയായി. കൊലപാതകം എൽ.ഡി.എഫ് രാഷ്ട്രീയ പ്രചാരണായുധമായി ഉപയോഗിച്ചപ്പോൾ അതിനെ പ്രതിരോധിക്കുന്നതിൽ യു.ഡി.എഫ് സംവിധാനങ്ങൾ പരാജയപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ എൻ.കെ. അക്ബർ 18,268 ന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ കെ.എൻ.എ. ഖാദറിനെ പരാജയപ്പെടുത്തിയത്.
രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽനിന്ന് ലഭിക്കുന്ന 7000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടക്കാൻ ഇടതുപക്ഷത്തിനാവില്ല എന്നാണ് യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. ഒരുമനയൂർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തുകളിലും ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. ചാവക്കാട്, ഗുരുവായൂർ നഗരസഭകളിൽ ഇടതുമുന്നണി ലീഡ് ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
ആം ആദ്മി പാർട്ടി പ്രതിനിധിയായി പോളി ഗുരുവായൂർ, എസ്.ഡി.പി.ഐ സ്ഥാനാർഥിയായി കെ.വി. അബ്ദുൽ നാസർ, എസ്.യു.സി.ഐ (സി) സ്ഥാനാർഥിയായി സി.ആർ. ഉണ്ണികൃഷ്ണൻ എന്നിവരും മത്സരിക്കുന്നുണ്ട്. വികസന വിഷയങ്ങളും പ്രാദേശിക പ്രശ്നങ്ങളും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ വോട്ടർമാർ ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്. മണ്ഡലത്തിൽ ബി.ജെ.പി ക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം എൽ.ഡി.എഫ്, യു.ഡി.എഫ് വിജയ പരാജയങ്ങളെ നിർണയിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.