ഇരിങ്ങാലക്കുട നിയോജക മണ്ഡലം എല്‍.ഡി.എഫ്
സ്ഥാനാർഥി ഡോ. ആര്. ബിന്ദുവിന്റെ പര്യടനത്തില്‍ നിന്ന്
യു.ഡി.എഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ പര്യടനത്തില്‍ നിന്ന്ഇരിങ്ങാലക്കുട: സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണരംഗത്ത് വെന്തുരുകുമ്പോൾ ഇരിങ്ങാലക്കുട മണ്ഡലം ഉറ്റുനോക്കുന്ന ഒരേയൊരു ചോദ്യം ഈ ത്രികോണമത്സരത്തിൽ ആര് നേടും എന്നാണ്. മൂന്ന് മുന്നണികളും ഒരുപോലെ വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ ഇത്തവണ പ്രവചനം അസാധ്യമാണ്.
കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ നീണ്ട പട്ടിക മാത്രം മതി മന്ത്രി ബിന്ദുവിന് ഈ തെരഞ്ഞെടുപ്പിൽ അനായാസ വിജയം നേടാൻ എന്നാണ് എൽ.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസം. എന്നാൽ മണ്ഡലം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫും എൻ.ഡി.എയും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ മണ്ഡലത്തിലെ പോരാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. 2016ൽ എൽ.ഡി.എഫിലെ പ്രഫ. കെ.യു. അരുണൻ 2711 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയപ്പോൾ യു.ഡി.എഫിനായി അഡ്വ. തോമസ് ഉണ്ണിയാടനും എൻ.ഡി.എക്കായി സന്തോഷ് ചെറാകുളവുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ പര്യടനത്തില്‍ നിന്ന്
2021ൽ എൽ.ഡി.എഫിലെ ഡോ. ആർ. ബിന്ദു 5949 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. യു.ഡി.എഫിലെ അഡ്വ. തോമസ് ഉണ്ണിയാടനും എൻ.ഡി.എയിലെ മുൻ ഡി.ജി.പി ജേക്കബ് തോമസും തമ്മിലായിരുന്നു അന്ന് പ്രധാന പോരാട്ടം. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണ ആയുധം. നിലവിലെ എം.എൽ.എയും മന്ത്രിയുമായ ഡോ. ആർ. ബിന്ദു തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥിയെന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
1957ൽ സി. അച്യുതമേനോനിലൂടെ തുടങ്ങിയ ഇടതുപക്ഷ പാരമ്പര്യം 2016ൽ തിരിച്ചുപിടിച്ച അതേ ആവേശത്തിൽ നിലനിർത്താനാണ് മുന്നണി ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ആളൂർ പഞ്ചായത്ത് നഷ്ടപ്പെട്ടെങ്കിലും കാറളം, കാട്ടൂർ, മുരിയാട്, വേളൂക്കര, പടിയൂർ പഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക്-ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും കൂടുതൽ വോട്ട് നേടാൻ കഴിഞ്ഞത് എൽ.ഡി.എഫിന്റെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു.
2001 മുതൽ 2016 വരെ 15 വർഷം ഇരിങ്ങാലക്കുടയെ പ്രതിനിധീകരിച്ച അഡ്വ. തോമസ് ഉണ്ണിയാടനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. മണ്ഡലത്തിൽ ഇന്നുകാണുന്ന വികസനപ്രവർത്തനങ്ങൾക്കെല്ലാം തുടക്കം കുറിച്ചത് തന്റെ കാലത്താണെന്ന് തോമസ് ഉണ്ണിയാടൻ അവകാശപ്പെടുന്നു. ഉണ്ണിയാടൻ വിജയിച്ചാൽ ഇരിങ്ങാലക്കുടക്ക് ഒരു മന്ത്രി എന്നതാണ് യു.ഡി.എഫ് നൽകുന്ന പ്രധാന വാഗ്ദാനം. കുടുംബസദസ്സുകൾ വിളിച്ചുചേർത്തും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ‘ഇന്ദിര ഗ്യാരന്റി’ നടപ്പാക്കുമെന്ന പ്രചാരണത്തിലൂടെയും സ്ത്രീകളുടെയും യുവാക്കളുടെയും വോട്ട് ഉറപ്പിക്കാനാണ് അവർ നീക്കം നടത്തുന്നത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലും യൂത്ത് കോൺഗ്രസിലുമുണ്ടായിരുന്ന കാർമേഘങ്ങൾ പ്രഖ്യാപനത്തോടെ കെട്ടടങ്ങിയതും മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി മുന്നണി പുലർത്തുന്ന ഐക്യവും യു.ഡി.എഫ് ക്യാമ്പിൽ വലിയ ശുഭാപ്തിവിശ്വാസം ഉണർത്തിയിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും 28 വർഷമായി എസ്.എൻ.ഡി.പി മുകുന്ദപുരം താലൂക്ക് യൂനിയൻ പ്രസിഡന്റുമായ സന്തോഷ് ചെറാകുളമാണ് എൻ.ഡി.എ സ്ഥാനാർഥി. 2016ന് മുമ്പ് കേവലം ആറായിരം വോട്ടുകൾ മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ 2016ൽ മുപ്പതിനായിരത്തിൽ പരം വോട്ടുകളിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വമായിരുന്നു. 2021ൽ ജേക്കബ് തോമസിലൂടെ ഇതിൽ നാലായിരം വോട്ടുകളുടെ വർധനവും ഉണ്ടായി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുടയിൽനിന്ന് താമര അടയാളത്തിൽ ലഭിച്ച 13,013 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൻ.ഡി.എയുടെ പ്രധാന പ്രതീക്ഷ. മണ്ഡലത്തിൽ ഏറ്റവും സ്വാധീനമുള്ള ഈഴവ സമുദായത്തിൽ സന്തോഷ് ചെറാകുളത്തിനുള്ള വ്യക്തിബന്ധം നിർണായകമാകും. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ സാന്നിധ്യവും പുതുതായി ട്വന്റി-20 എത്തിയതും മുന്നണിക്ക് കരുത്തേകുന്നു. അയ്യായിരത്തോളം പുതിയ വോട്ടുകൾ മണ്ഡലത്തിൽ ചേർക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എൻ.ഡി.എ അവകാശപ്പെടുന്നു.
ഡോ. ആർ. ബിന്ദു (എൽ.ഡി.എഫ്)
തൃശൂർ കേരള വർമ കോളജിൽ ഇംഗ്ലീഷ് വകുപ്പ് മേധാവിയും വൈസ് പ്രിൻസിപ്പലുമായിരുന്നു. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ-പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. പതിനെട്ടാം വയസ്സിൽ വിദ്യാർഥി പ്രതിനിധിയായി കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിൽ അംഗമായി. സെനറ്റിലും അക്കാദമിക് കൗൺസിലിലും പ്രവർത്തിച്ചു. രണ്ടുതവണ തൃശൂർ കോർപറേഷൻ കൗൺസിലർ. കോർപറേഷന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ മേയർ. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ അഡ്വൈസറി ബോർഡ് അംഗം, കുടുംബശ്രീ സംസ്ഥാന ഗവേണിങ് ബോഡി അംഗം, ദേശീയ സാക്ഷരതാമിഷൻ സംസ്ഥാന റിസോഴ്സ് സെന്റർ അംഗം. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര നിർവാഹകസമിതി അംഗവുമാണ്.
തോമസ് ഉണ്ണിയാടൻ (യു.ഡി.എഫ്)
2001 മുതൽ 2016 വരെ ഇരിങ്ങാലക്കുടയെ നിയമസഭയിൽ പ്രതിനിധീകരിച്ചു. മുൻനിര കേരള കോൺഗ്രസ് നേതാവാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നു.
കെ.എസ്.സി തലയോലപ്പറമ്പ് ദേവസ്വം കോളജ് യൂനിറ്റ് പ്രസിഡന്റായിരുന്നു. കെ.എസ്.സി വൈക്കം നിയോജക മണ്ഡലം സെക്രട്ടറി, കോട്ടയം ജില്ല ജനറൽ സെക്രട്ടറി, കോളജ് യൂനിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഉന്നതാധികാര സമിതിയംഗം, യു.ഡി.എഫ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം, നിയോജക മണ്ഡലം ചെയർമാൻ തുടങ്ങിയ സുപ്രധാന പദവികൾ വഹിച്ചു.
ഉമ്മൻ ചാണ്ടി സർക്കാറിൽ ചീഫ് വിപ് പദവിക്ക് പുറമെ നിയമസഭാ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ, കേരള കാർഷിക സർവകലാശാല എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
സന്തോഷ് ചെറാകുളം (എൻ.ഡി.എ)
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിയായിരിക്കുമ്പോള്‍ പൊതുരംഗത്ത് സജീവമായിരുന്നു. കോളജ് യൂനിയൻ വൈസ് ചെയർമാൻ ആയിരുന്നു. 1993 മുതൽ മുകുന്ദപുരം താലൂക്ക് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റാണ്. ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായിയാണ്. ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റി (ശാന്തിനികേതൻ പബ്ലിക് സ്കൂൾ) പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു. എസ്.എൻ.ബി.എസ് സമാജം പ്രസിഡന്റും ഇരിങ്ങാലക്കുട എസ്.എന്‍ ക്ലബ് പ്രസിഡന്റുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.