തൃശൂർ: വോട്ടെണ്ണൽ യന്ത്രത്തിൽ അവസാനത്തെ വോട്ടും എണ്ണിക്കഴിയുന്നതുവരെ നീണ്ട നെഞ്ചിടിപ്പ്. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ പത്മജ വേണുഗോപാൽ, ഡെന്നീസ് കെ. ആന്റണി, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത് നിയമസഭയിലേക്കുള്ള ടിക്കറ്റായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ചില മണ്ഡലങ്ങളിലെ തോൽവികൾ അക്ഷരാർഥത്തിൽ നൂലിഴ വ്യത്യാസത്തിലായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കാലിടറിയ ഈ സ്ഥാനാർഥികളുടെ മണ്ഡലങ്ങൾ, 2026ലെ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മുന്നണി മാറ്റങ്ങളുടെയും പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെയും പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുകയാണ്.
ജില്ലയിൽ കഴിഞ്ഞ തവണ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിൽ പരാജയം രുചിച്ചത് തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പത്മജ വേണുഗോപാലാണ്. എൽ.ഡി.എഫിലെ പി. ബാലചന്ദ്രനോട് വെറും 946 വോട്ടുകൾക്കാണ് പത്മജക്ക് അടിയറവ് പറയേണ്ടി വന്നത്. എന്നാൽ, 2026ൽ തൃശൂരിലെ ചിത്രം പാടെ മാറിയിരിക്കുകയാണ്. അന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ട പത്മജ ഇന്ന് ബി.ജെ.പി പാളയത്തിലാണ്. കഴിഞ്ഞ തവണ എൻ.ഡി.എക്കായി സുരേഷ് ഗോപി നടത്തിയ ശക്തമായ പോരാട്ടത്തിനൊപ്പം പത്മജയുടെ സാന്നിധ്യം കൂടി ചേരുമ്പോൾ തൃശൂരിലെ ത്രികോണ മത്സരം ഇത്തവണ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നാകും. എന്ത് വില കൊടുത്തും തൃശൂർ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിൽ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം മണ്ഡലത്തിൽ എത്തിയത്.
പത്മജ കഴിഞ്ഞാൽ പിന്നെ നിർഭാഗ്യം വില്ലനായത് ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡെന്നീസ് കെ. ആന്റണിക്കാണ്. യു.ഡി.എഫിലെ സനീഷ് കുമാർ ജോസഫിനോട് 1057 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. ആയിരത്തോളം നോട്ട വോട്ടുകൾ പോൾ ചെയ്ത മണ്ഡലത്തിൽ ഓരോ വോട്ടും അക്ഷരാർഥത്തിൽ നിർണായകമായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുകയെന്നത് ഇടതുമുന്നണിക്ക് ജീവന്മരണ പോരാട്ടമാണ്.
ഇരിങ്ങാലക്കുടയിലും പരാജയത്തിന്റെ ആഘാതം വലുതായിരുന്നു. യു.ഡി.എഫിലെ തോമസ് ഉണ്ണിയാടനാണ് ഇവിടെ പരാജയപ്പെട്ടത്. എൽ.ഡി.എഫിലെ ആർ. ബിന്ദുവിനോട് 5,949 വോട്ടുകൾക്കാണ് തോറ്റത്. നിലവിലും ഇവർ തന്നെയാണ് വീണ്ടും ഏറ്റുമുട്ടുന്നത് എന്നത് ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ പോരാട്ടത്തിന് കൂടുതൽ വീര്യം പകരുന്നു. എന്നാൽ, നൂലിഴ വ്യത്യാസത്തിൽ പരാജയപ്പെട്ട ഈ സ്ഥാനാർഥികൾക്ക് നേർവിപരീതമായി, ജില്ലയിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത് ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി സി.സി. ശ്രീകുമാറാണ്. 39,400 വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ കെ. രാധാകൃഷ്ണനോട് പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.