തൃശൂർ സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സ്ഥാനാർഥികളായ പത്മജ വേണുഗോപാൽ, കെ.കെ. അനീഷ് കുമാർ, സി.സി. മുകുന്ദൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ സമീപം - ടി.എച്ച്. ജദീർ
തൃശൂർ: സംസ്ഥാനത്തെ എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെത്തിയ പ്രധാനമന്ത്രിക്ക് സാംസ്കാരിക നഗരിയിൽ വലിയ വരവേൽപാണ് ലഭിച്ചത്. തൃശൂർ സ്വരാജ് റൗണ്ടിൽ നടന്ന റോഡ് ഷോയിൽ അദ്ദേഹത്തെ കാണാൻ ആയിരങ്ങൾ തിങ്ങിക്കൂടി.
ജനറൽ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച് ബിനി ഹെറിറ്റേജ് ഹോമിൽ അവസാനിക്കുന്ന രീതിയിലായിരുന്നു റോഡ് ഷോ. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങിയ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി, സ്ഥാനാർഥികളായ പത്മജ വേണുഗോപാൽ, സി.സി. മുകുന്ദൻ, കെ.കെ. അനീഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.
കൊടുംചൂടിനെ അവഗണിച്ച് ഉച്ചയോടെ തന്നെ ബി.ജെ.പി പ്രവർത്തകർ പാർട്ടി കൊടികളും പ്രധാനമന്ത്രിയുടെ ഫ്ലക്സുകളുമായി സ്വരാജ് റൗണ്ടിന് ചുറ്റും ഇടംപിടിച്ചിരുന്നു. റോഡ് ഷോ കടന്നുപോയ വഴികളിലെല്ലാം ജനങ്ങൾ പുഷ്പവൃഷ്ടി നടത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പാതയോരങ്ങളിൽ മാർഗംകളിയുടെ പരമ്പരാഗത വസ്ത്രമണിഞ്ഞ പെൺകുട്ടികൾ അണിനിരന്നത് ആകർഷകമായി. മാർഗംകളി, പുലികളി തുടങ്ങിയ തനതു കലാരൂപങ്ങൾ അവതരിപ്പിച്ചാണ് നഗരം പ്രധാനമന്ത്രിയെ എതിരേറ്റത്.
രണ്ടര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. സന്ദർശനത്തോടനുബന്ധിച്ച് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.