നിലപാട് തിരുത്തിയാൽ ബി.എഡ് പ്രവേശനത്തിന് തടസ്സമില്ല –മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: മാവേലിക്കര സെൻറ് പീറ്റ്സ് മെമ്മോറിയൽ ബി.എഡ് കോളജിൽ ബി.എഡിന് അപേക്ഷ നൽകിയ പല്ലന സ്വദേശിനി എം.എസ്. ശ്രീലക്ഷ്മിക്ക് പ്രവേശനംനൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കേരള സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദത്തിന് ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെ പിന്നിലാക്കി മഹാത്മാഗാന്ധി സർവകലാശാലയിൽ പഠിച്ചവർ ബി.എഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു എന്ന പരാതിയെ തുടർന്ന് പീറ്റ്സ് മെമ്മോറിയൽ കോളജിലെ പ്രവേശനം നിർത്തിവെക്കാൻ കമീഷൻ നേരത്തെ ഉത്തരവ് നൽകിയിരുന്നു. കമീഷൻ ഉത്തരവിനെ തുടർന്ന് കേരള സർവകലാശാലയിൽനിന്ന് പരീക്ഷ പാസായ ശ്രീലക്ഷ്മിക്ക് പ്രവേശനം നൽകാൻ കോളജ് മെമ്മോ അയച്ചു. കേസിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ പ്രവേശനനടപടികൾ നിർത്തിവെക്കാൻ കമീഷൻ ഉത്തരവിട്ടതിനാൽ തനിക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് ശ്രീലക്ഷ്മി നൽകിയ പരാതിയിൽ പറയുന്നു. വിവേചനമുണ്ടാകാതെ പ്രവേശനം നൽകാനാണ് കമീഷൻ ഉത്തരവിട്ടതെന്ന് ആക്റ്റിങ് അധ്യക്ഷൻ പി. മോഹൻദാസ് പറഞ്ഞു. കമീഷൻ ഉത്തരവ് പരാതിക്കാരിക്കും മറ്റ് വിദ്യാർഥികൾക്കും നീതിലഭ്യമാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. കോളജ് അധികൃതർ അവരുടെ മുൻകാല നിലപാടുകളിൽ മാറ്റംവരുത്തിയാൽ പരാതിക്കാരിക്കും മറ്റ് വിദ്യാർഥികൾക്കും പ്രവേശനംനൽകുന്നതിൽ തടസ്സമില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. കോളജ് അധികൃതരെ കൂടി കേട്ടശേഷം കേസിൽ അന്തിമതീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.