കോര്‍പറേഷന്‍ ചരിത്രം, വിചിത്രം

തൃശൂര്‍: മൂന്ന് തെരഞ്ഞെടുപ്പുകള്‍, അഞ്ച് മേയര്‍മാര്‍... തൃശൂര്‍ കോര്‍പറേഷന്‍െറ രാഷ്ട്രീയ ചരിത്രം എന്നും കലക്കം മറിച്ചലുകളാല്‍ സമൃദ്ധമാണ്. 2000ത്തിലാണ് നഗരസഭ കോര്‍പറേഷനാകുന്നത്. സമീപ പഞ്ചായത്തുകളായ അയ്യന്തോള്‍, കൂര്‍ക്കഞ്ചേരി, വില്‍വട്ടം, ഒല്ലൂക്കര പഞ്ചായത്തുകള്‍ പൂര്‍ണമായും നടത്തറയുടെയും, ഒല്ലൂരിന്‍െറയും ഏതാനും ഭാഗങ്ങളും കൂട്ടിച്ചേര്‍ത്താണ് തൃശൂരിനെ കോര്‍പറേഷനാക്കിയത്. 
പാരമ്പര്യമായി കോണ്‍ഗ്രസ് അനുകൂല പ്രദേശമായിരുന്ന തൃശൂരില്‍ സി.പി.എം നേട്ടമുണ്ടാക്കിയതെല്ലാം ഘടകകക്ഷികളുടെ സഹായത്തോടെയാണ്. തൃശൂര്‍ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന് അധ്യക്ഷ സ്ഥാനം കൈമോശം വരുന്നത് 1969ലാണ്. 
അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പായിരുന്നു കോണ്‍ഗ്രസിന്‍െറ നഗരസഭാ അധ്യക്ഷസ്ഥാനം  ഇളക്കുന്നതിലേക്കത്തെിയത്. സംഘടനാ കോണ്‍ഗ്രസുകാര്‍ക്കായിരുന്നു അന്ന് നഗരസഭയില്‍ മുന്‍ തൂക്കം. 
അവസാനം 2005 ല്‍ സി.പി.എമ്മിന്‍െറ ആര്‍. ബിന്ദു മേയറായത് കരുണാകരന്‍െറ നേതൃത്വത്തിലുള്ള ഡി.ഐ.സിയുടെ പിന്തുണയോടെയാണ്.
ജനതാ പാര്‍ട്ടിക്ക് കാര്യമായ വേരോട്ടമുണ്ടായിരുന്ന നഗരത്തില്‍ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്. 
അഖിലേന്ത്യ തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ ഭിന്നിപ്പ് തൃശൂരിലെ പാര്‍ട്ടിയെ തകര്‍ത്തുവെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയായി പലകാലങ്ങളില്‍ ജയിച്ചുകയറിയവരുടെ ജനസമ്മതി വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷ ജില്ലയിലെ ഇടതു പക്ഷത്തിനുണ്ട്. ജനതാദളിന്‍െറ കൗണ്‍സിലര്‍മാരായി നഗരസഭയിലും കോര്‍പറേഷനിലും എത്തിയ നാല് കൗണ്‍സിലര്‍മാരാണ് ഇത്തവണ ഇടതുപക്ഷ സ്വതന്ത്രരായി മത്സരിക്കുന്നത്.
 കോര്‍പറേഷന്‍ രൂപവത്കരണ കാലത്ത് 50 ഡിവിഷനുകളായിരുന്നത് 2005ലെ ഇടത് മുന്നണി ഭരണത്തിലാണ് 55 ഡിവിഷനുകളാക്കി വികസിപ്പിച്ചത്. നഗരപരിധിയും വില്‍വട്ടം ഒല്ലൂക്കര പഞ്ചായത്തുകളും കാലങ്ങളായി കോണ്‍ഗ്രസിന്‍െറ കുത്തകയിരുന്നെങ്കില്‍, അയ്യന്തോളും കൂര്‍ക്കഞ്ചേരിയും ഇടതു കോട്ടകളായിരുന്നു. ഒല്ലൂരും, നടത്തറയും സ്ഥിരമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് ആഭിമുഖ്യം പുലര്‍ത്തുന്നവയായിരുന്നില്ല. 
കോര്‍പറേഷന്‍ രൂപവത്കരിച്ചതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അട്ടിമറികള്‍ക്കൊന്നും തൃശൂര്‍ വേദിയായില്ല. എല്ലാവരും പ്രതീക്ഷിച്ചപോലെ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് തെരഞ്ഞെടുക്കപ്പെത്. ജോസ് കാട്ടൂക്കാരന്‍ അങ്ങനെ തൃശൂരിന്‍െറ ആദ്യ നഗരപിതാവായി. അഞ്ചുവര്‍ഷം തികക്കാന്‍ ജോസ് കാട്ടൂക്കാരന് സാധിച്ചില്ല. പാര്‍ട്ടിക്കുള്ളിലെ ധാരണ പ്രകാരം അവസാന ഒന്നര വര്‍ഷം കെ. രാധാകൃഷ്ണന് മേയര്‍സ്ഥാനം ഒഴിഞ്ഞ് കൊടുക്കേണ്ടിവന്നു. 
കേരളം മുഴുവന്‍ ഇടത് തരംഗം വീശിയാലും തൃശൂര്‍ തങ്ങള്‍ക്കുപിന്നില്‍ പാറ പോലെ  ഉറച്ചുനില്‍ക്കുമെന്ന യു.ഡി.എഫിന്‍െറ വിശ്വാസമാണ് 2005ല്‍ തകര്‍ന്നത്. സിപി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അന്ന് ഭരണത്തിലത്തെിയത്. ആര്‍. ബിന്ദു തൃശൂരിന്‍െറ മൂന്നാമത്തെ മേയറായി. 
യു.ഡി.എഫിന്‍െറ സ്വപ്നങ്ങള്‍ക്കുമേല്‍ അന്ന് കരിനിഴല്‍ വീഴ്ത്തിയത് കെ. കരുണാകരന്‍െറ രാഷ്ട്രീയ നിലപാടുകളായിരുന്നു. ഡി.ഐ.സി രൂപവത്കരിച്ചതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പമായിരുന്നു കരുണാകര പക്ഷം. 2000ത്തിലെ തെരഞ്ഞെടുപ്പില്‍ 20 സീറ്റാണ് എല്‍.ഡി.എഫിന് നേടാനായതെങ്കില്‍ 2005ലത് 44 ആയി ഉയര്‍ന്നു. ഈ മിന്നുന്ന വിജയത്തില്‍ ലീഡറുടെ പങ്ക് ചെറുതല്ളെന്ന് ഇടതുപക്ഷവും സമ്മതിക്കും.
2010ല്‍ യു.ഡി.എഫിന്‍െറ ശക്തമായ തിരിച്ചുവരവിന് തൃശൂര്‍ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫ് ആറ് സീറ്റിലേക്ക് ഒതുങ്ങി. ഐ.പി. പോളിന്‍െറ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ആദ്യം ഭരണത്തിലേറിയത്. മൂന്ന് കൊല്ലത്തിനുശേഷം പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം രാജന്‍ ജെ. പല്ലന്‍ കോര്‍പറേഷന്‍ മേയറായി.
യു.ഡി.എഫിലെ സീറ്റ് നിര്‍ണയത്തിലെ തര്‍ക്കം മുതലെടുത്തും, ജനകീയരായ സ്വതന്ത്ര സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തിയും 2010ല്‍ കൈവിട്ട കോര്‍പറേഷന്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ഇടതുപക്ഷം. കാലങ്ങളായി തങ്ങളോടൊപ്പമുള്ള വോട്ട് ബാങ്കും കോര്‍പറേഷന്‍ നടപ്പാക്കിയ വികസനത്തിലുമാണ് യു.ഡി.എഫ് നേതൃത്വത്തിന്‍െറ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT