ജവാ​െൻറ ഭാര്യയെ പൊലീസ് അസഭ്യം പറഞ്ഞതായി പരാതി; ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി

ജവാൻെറ ഭാര്യയെ പൊലീസ് അസഭ്യം പറഞ്ഞതായി പരാതി; ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി പന്തളം: ബി.എസ്.എഫ് ജവാൻെറ ഭാര്യയും ക െ.എസ്.ആർ.ടി.സി ജീവനക്കാരിയുമായ യുവതിയെ പൊലീസ് അകാരണമായി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയെന്നുമുള്ള പരാതിയിൽ അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻറ് മെഴുവേലി കക്കുന്നിൽ വീട്ടിൽ കെ.ജി. ബിനിയാണ് എസ്.എസി-എസ്.ടി കമീഷൻ, വനിത കമീഷൻ, കെ.എസ്.ആർ.ടി.സി എം.ഡി, കലക്ടർ എന്നിവർക്ക് പരാതി നൽകിയത്. പരാതിയിൽ പറയുന്നതിങ്ങനെ: വീടിൻെറ പണി നടക്കുന്നതിനാൽ ബിനിയും കുടുംബവും പന്തളം മെഡിക്കൽ മിഷൻ ആശുപത്രിക്കു സമീപമുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. സെപ്റ്റംബർ 23ന് ചിക്കൻപോക്‌സ് പിടിപെട്ട് അടൂർ താലൂക്ക് ആശുപത്രിയിൽ പോയ ശേഷം വീട്ടിലെത്തി വിശ്രമിക്കുകയായിരുന്ന ബിനിയുടെ വീട്ടിൽ വനിത പൊലീസടക്കം രണ്ടു പൊലീസുദ്യോഗസ്ഥർ എത്തുകയും മുറ്റത്തുനിന്ന ബന്ധു അജീഷും സുഹൃത്ത് ജോബിനുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇവർ അറിയിച്ചതനുസരിച്ച് എസ്.ഐ ഉൾപ്പെടെ കൂടുതൽ പൊലീസെത്തി. പുറത്തേക്കുവന്ന ബിനിയെ അനാശാസ്യപ്രവർത്തകയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും റെയ്ഡ് നടത്തുകയാണെന്നു പറഞ്ഞ് വീട് പരിശോധിക്കുകയും ചെയ്തു. മെത്തയും തലയിണയും ബ്ലേഡുപയോഗിച്ച് കീറി നാശംവരുത്തി. മുടിയിൽ കുത്തിപ്പിടിച്ച് കുളിമുറിയിലെത്തിച്ച ബിനിയുടെ വസ്ത്രം മുഴുവൻ അഴിച്ച് പരിശോധനയും നടത്തി. നാലും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളുടെ മുന്നിലായിരുന്നു അസഭ്യവർഷവും പരിശോധനയും. ജോലി തെറിപ്പിക്കുമെന്നും ഇതിനിടെ ആക്രോശിക്കുന്നുണ്ടായിരുന്നു. ബന്ധുവിനെയും സുഹൃത്തിെനയും ജീപ്പിൽ കയറ്റുകയും ബിനിയോട് ജീപ്പിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, കുഞ്ഞുങ്ങളെയും കൂട്ടി സ്വന്തം വാഹനത്തിലെത്താമെന്ന് അറിയിച്ചതോടെ പൊലീസ് വീട്ടിൽനിന്ന് പോയി. സ്‌റ്റേഷനിലെത്തിച്ച ബന്ധുവിെനയും സുഹൃത്തിെനയും മർദിച്ചശേഷം പറഞ്ഞുവിട്ടു. സ്റ്റേഷനിലെത്തിയ ബിനിയെ വിളിക്കുമ്പോൾ വരണമെന്നാവശ്യപ്പെട്ട് പറഞ്ഞുവിടുകയും ചെയ്തു. വീട്ടിൽനിന്ന് എടുത്ത ഫോൺ തിരികെ നൽകിയതുമില്ല. 24ന് ഫോൺ ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് അബദ്ധം പറ്റിയതാണെന്നും പുറത്തുപറയരുതെന്നും ആരെയെങ്കിലും അറിയിച്ചാൽ ജോലി തെറിപ്പിക്കുമെന്നും കഞ്ചാവുകേസിൽ അകത്താക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സംഭവം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി ജവഹർ ജനാർദ് പറഞ്ഞു. യുവതിക്ക് കഞ്ചാവു മാഫിയയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസെത്തിയത് കഞ്ചാവ് വലിക്കുന്നെന്ന വിവരം ലഭിച്ചിട്ട് പന്തളം: പൊലീസ് മെഡിക്കൽ മിഷൻ ജങ്ഷന് സമീപമുള്ള വീട്ടിൽ സെപ്റ്റംബർ 23ന് റെയ്ഡ് നടത്താനെത്തിയത് അവിടെ കഞ്ചാവ് വിൽക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണന്ന് പന്തളം സി.ഐ ഇ.ഡി. ബിജു പഞ്ഞു. അവിടെ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന അജീഷ്, ജോബിൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പന്തളം, റാന്നി, വെച്ചൂച്ചിറ, പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണ് അജീഷെന്നും ഇവർ ഇരുന്ന വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുക മാത്രമാണ് പൊലീസ് അവിടെ ചെയ്തതെന്നും സി.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.