ഡോ. സജീവ് തോമസിന്റെ വീടിന്റെ മുൻ വാതിൽ
കുത്തിത്തുറന്ന നിലയിൽ
തിരുവല്ല: ഞായറാഴ്ച പുലർച്ച നെടുമ്പ്രം അന്തിചന്തക്ക് സമീപത്തെ രണ്ടു വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം. അടച്ചിട്ട വീട്ടിലും ആൾ താമസമുള്ള വീട്ടിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്താമത്തെ മോഷണമാണ് പ്രദേശത്ത് നടന്നത്.
നെടുമ്പ്രം മുക്കാട്ട് സഫിയ നൗഷാദ്, ആറ്റുമാലിൽ വീട്ടിൽ അന്തരിച്ച ന്യൂറോ സർജൻ ഡോ. സജീവ് തോമസ് എന്നിവരുടെ വീടുകളാണ് കുത്തിത്തുറന്നത്. സഫിയ നൗഷാദിന്റെ വീട്ടിൽനിന്ന് വിലപിടിച്ചതൊന്നും നഷ്ടമായിട്ടില്ല. സജീവ് തോമസിന്റെ മക്കൾ എത്തിയാൽ മാത്രമേ എന്തൊക്കെ നഷ്ടമായിയെന്ന് വ്യക്തമാകൂ. പുലർച്ച രണ്ടിനാണ് സഫിയ നൗഷാദിന്റെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്നത്. ഒന്നാം നിലയിലെ അകത്തുനിന്ന് പൂട്ടിയ മുറിയിൽ ഉറങ്ങുകയായിരുന്ന സഫിയ താഴെയുള്ള നിലയിലെ മുറിയുടെ അലമാര തുറക്കുന്ന ശബ്ദം കേട്ട് ഉണർന്നു. അൽപ സമയത്തിനകം സഫിയ ഉറങ്ങിയിരുന്ന മുറിയുടെ കതക് പുറത്തുനിന്ന് തുറക്കാൻ മോഷ്ടാവ് ശ്രമിച്ചു. അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയാണെന്നും പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും സഫിയ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പിന്നാലെ സമീപത്ത് താമസിക്കുന്ന മകളെ ഫോണിൽ വിവരം അറിയിച്ചു. മകളും ഭർത്താവും എത്തുമ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു.
സജീവ് തോമസിന്റെ വീട്ടിലെ സി.സി.ടി.വിയിൽനിന്ന് മൂന്നു മണിയോടെ കമ്പിപ്പാരയും വെട്ടുകത്തിയുമായി നടന്നു പോകുന്ന മോഷ്ടാവിന്റെ ദൃശ്യം ലഭ്യമായി. സംഭവമറിഞ്ഞ് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.