മാനദണ്ഡങ്ങൾ പാലിക്കാതെ പന്തളം നഗരസഭ ബഹുനില കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു

ഈ പൊളിക്കൽ അപകടം ഒഴിവാക്കാനോ, വരുത്താനോ?

പന്തളം: സുരക്ഷ മാനദണ്ഡങ്ങളൊരുക്കാതെ പന്തളം നഗരസഭ ബഹുനില കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതായി പരാതി. പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം യാത്രക്കാർക്കും മറ്റും ജീവനു ഭീഷണിയായി മാറിയ ബലക്ഷയമുള്ള പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഞായറാഴ്ച മുതലാണ് നഗരസഭ അധികൃതർ പൊളിച്ചുതുടങ്ങിയത്.

കെട്ടിടങ്ങൾ പൊളിക്കുന്ന സംബന്ധിച്ച് ഒരു മാർഗനിർദേശവും തിരക്കേറിയ റോഡിൽ നൽകിയിട്ടില്ല. സമീപത്തായി നിരവധി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നു. പ്രൈവറ്റ് ബസ്സ്റ്റാൻഡിലേക്ക് യാത്രക്കാർ കടന്നുപോകുന്ന പ്രദേശംകൂടിയാണിത്. ജെ.സി.ബി ഉപയോഗിച്ചാണ് കെട്ടിടം പൊളിക്കുന്നതെങ്കിലും വേനൽ കനത്തതോടെ പൊടിക്കാറ്റ് സമീപത്തെ കടകളിലേക്ക് വീശിയടിക്കുകയാണ്. താർപ്പായ മൂടി, റോഡിന്റെ ഒരുവശം നിയന്ത്രണം ഏർപ്പെടുത്തിയുമാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടത്. അപകട മുന്നറിയിപ്പുകൾ ഒന്നുംതന്നെ നൽകിയിട്ടില്ല.

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലായത്. 1988ൽ നിർമിച്ചതാണ് കെട്ടിടം. ഇതിനൊപ്പമുണ്ടായിരുന്ന കമ്യൂണിറ്റി ഹാൾ ബലക്ഷയം കാരണം ഏതാനും വർഷം മുമ്പ് പൊളിച്ചു. ശേഷിക്കുന്നവയിൽ ലൈബ്രറി പ്രവർത്തിച്ചിരുന്ന മുകൾനിലക്കാണ് ഏറ്റവും അപകടാവസ്ഥ. കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി ലൈബ്രറി മാറ്റിയിരുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിനടുത്തായതിനാൽ പകലന്തിയോളം ആൾത്തിരക്കേറിയ ഭാഗമാണിത്.

Tags:    
News Summary - Is this demolition accident to be avoided or to be caused?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.