സ്വർണവും പന്നിയും കുത്തിമറിക്കുമോ റാന്നി?

റാന്നി: ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തിൽ ഇത്തവണ പോര് കനക്കും. ശബരിമലയുള്ള മണ്ഡലം എന്ന നിലയിലാകും മുന്നണികൾ പ്രചാരണത്തിന് തീപകരുക. സ്വർണ പാളി മോഷണം മുഖ്യ വിഷയമായിരിക്കും. മൂന്ന് പതിറ്റാണ്ടായി മണ്ഡലം ചുവന്നുകിടക്കുകയാണ്. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന വന്യമൃഗശല്യത്തിനൊപ്പം നേതാക്കളുടെ ഉറക്കം കെടുത്തുന്ന ശബരിമല സ്വർണക്കൊള്ളയുമായിരിക്കും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് സമയത്തെ ചൂടേറിയ വിഷയങ്ങൾ. വന്യമൃഗങ്ങൾ ദിനംപ്രതി തലവേദന സൃഷ്ടിക്കുന്ന മലയോരറാണി ഇനിയെങ്ങോട്ടെന്നുള്ള ചോദ്യം പ്രസക്തമാണ്.

നിയമസഭ മണ്ഡലം രൂപവത്കരിച്ച 1957 മുതൽ 2021 വരെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇടത്തേക്കും വലത്തേക്കും ചാഞ്ഞ ചരിത്രമാണ് റാന്നിക്കുള്ളത്. എന്നാൽ, 1991ൽ സി.പിഎമ്മിലെ രാജു ഏബ്രഹാം എൽ.ഡി.എഫ് സ്ഥാനാർഥിയായത് മുതൽ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇടത് ആധിപത്യമാണ്. 1967ൽ സി.പി.ഐയിലെ എം.കെ. ദിവാകരനൊഴിച്ചാൽ മണ്ഡലത്തിൽനിന്ന് വിജയിച്ചവരെല്ലാം കോൺഗ്രസോ കേരളാ കോൺഗ്രസ് സ്ഥാനാർഥികളോ ആയിരുന്നു. അഞ്ചുതവണ രാജു ഏബ്രഹാമിനെയും 2021ൽ കേരളാ കോൺഗ്രസ് (എം)ലെ പ്രമോദ് നാരായണനെയുമാണ് വിജയിപ്പിച്ചത്. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ്ലീഡ്. പാർലമെന്‍റ് മണ്ഡലം രൂപവത്കരിക്കപ്പെട്ട ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് റാന്നിയിൽ വൻ ഭൂരിപക്ഷമാണ്. തുടർച്ചയായി മൂന്നു തവണയും ആന്‍റോ ആന്‍റണിക്കൊപ്പമായിരുന്നു മണ്ഡലം.

ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ വിഷയങ്ങൾക്ക് ശേഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രന് മണ്ഡലത്തിൽ 39,560 വോട്ടുകൾ ലഭിച്ചിരുന്നു. എൽ.ഡി.എഫിനൊപ്പമായിരുന്ന ഭൂരിഭാഗം പഞ്ചായത്തുകളും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒപ്പമായി. 12 പഞ്ചായത്തുകളാണ് മണ്ഡലത്തിൽ. ശബരിമലയുള്ള പെരുനാട് പഞ്ചായത്തിൽ ഭരണത്തിലുള്ളത് എൽ.ഡി.എഫാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 1,285 വോട്ടുകൾക്ക് നഷ്ടപ്പെട്ട മണ്ഡലം പിടിക്കാനാണ് യു.ഡി.എഫ് ശ്രമം. വന്യമൃഗശല്യം, പട്ടയപ്രശ്നം, റബർവില ഇവയൊക്കെയാകും മുഖ്യ വിഷയം.

കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയാകും ഇത്തവണയുമെന്നാണ് സൂചന. മണ്ഡലത്തിന് പുറത്തുനിന്നെത്തി വിജയിച്ച പ്രമോദ് നാരായൺ തന്നെയാകും ഇത്തവണയും എൽ.‍ഡി.എഫ് സ്ഥാനാർഥിയാകാൻ സാധ്യത. ആദ്യതവണ പ്രമോദിന്റെ സ്ഥാനാർഥിത്വത്തിൽ സി.പി.എമ്മിലും കേരള കോൺഗ്രസ് എമ്മിലും മുറുമുറുപ്പുയർന്നെങ്കിലും ഇത്തവണ അതുണ്ടാവാൻ സാധ്യത കുറവാണെന്നാണ് അറിയുന്നത്. കഴിഞ്ഞതവണ പരാജയപ്പെട്ട കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന് ഒരവസരം നൽകാൻ കോൺഗ്രസ് ഒരുങ്ങുമോയെന്ന് കണ്ടറിയണം. പഴകുളം മധു, അഡ്വ. കെ. ജയവർമ, റെജി താഴമൺ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ബി.ജെ.പിയിൽ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടു തവണയും ബി.ഡി.ജെ.എസ് സ്ഥാനാർഥിയായിരുന്നു മത്സരിച്ചത്.

നേട്ടവും കോട്ടവും 

തുടർച്ചയായി എൽ.ഡി.എഫ് ഭരണത്തിന്റെ തണലിലാണ് മണ്ഡലമെങ്കിലും നേട്ടങ്ങൾ കുറവാണ്. ഏതാണ്ട് മുപ്പത് വർഷത്തോളം എൽ.ഡി.എഫ് ഭരണത്തിന്റെ കീഴിലാണ്. പലതവണ സംസ്ഥാന ഭരണപക്ഷത്തിനൊപ്പം മണ്ഡലമുണ്ടായിരുന്നു. നല്ലൊരു കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡും കംഫർട്ട് സ്റ്റേഷനും ഇല്ലെന്നും പരാതിയുണ്ട്. എന്നിരുന്നാലും റാന്നി താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം നിർമാണം ആരംഭിക്കാൻ കഴിഞ്ഞു. വൈകിയാണെങ്കിലും പുതമൺ പാലം തുറന്നുകൊടുത്തു. ഇഴഞ്ഞുനീങ്ങിയ റാന്നി പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഭരണത്തിൽ ചെറുതും വലതുമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് പ്രമോദ് നാരായൺ വിജയിച്ചത്. ഇത്തവണ ആഞ്ഞുപിടിച്ചാൽ യു.ഡി.എഫിന് വിജയം ഉറപ്പിക്കാം. പലപ്പോഴും അവസാന ലാപ്പിൽ ഇത് കഴിയാതെ പോകുന്നുണ്ട്.

മുൻ എം.എൽ.എമാർ

1957, 1960- വയല ഇടിക്കുള (ഐ.എൻ.സി)

1967- എം.കെ. ദിവാകരൻ (സി.പി.ഐ)

1970- ജേക്കബ് സ്‌കറിയ (സ്വത.)

1977- കെ.എ. മാത്യു (കേ. കോൺ.)

1980- എം.സി. ചെറിയാൻ (ഐ.എൻ.സി-യു)

1982- സണ്ണി പനവേലി (കോൺ-എസ്.)

1986- റേച്ചൽ സണ്ണി പനവേലി (കോൺ-എസ്.)

1987- ഈപ്പൻ വറുഗീസ് (കേ. കോൺ.)

1991- എം.സി. ചെറിയാൻ (ഐ.എൻ.സി)

1996, 2001, 2006, 2011, 2016- രാജു ഏബ്രഹാം(സി.പി.എം).

2021- പ്രമോദ് നാരായൺ (കേ. കോൺ-എം).

നിലവിലെ തദ്ദേശ ഭരണം

  • യു.ഡി.എഫ്- കൊറ്റനാട്, കോട്ടാങ്ങൽ, നാറാണംമൂഴി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, വടശ്ശേരിക്കര, വെച്ചൂച്ചിറ, അയിരൂർ, എഴുമറ്റൂർ.
  • എൽ.ഡി.എഫ്- റാന്നി, റാന്നി പെരുനാട്, ചെറുകോൽ.
  • 16,268 വോട്ടർമാരുടെ കുറവ്
  • വോട്ടർപട്ടിക തീവ്രപരിഷ്കരണം പൂർത്തിയായപ്പോൾ റാന്നി മണ്ഡലത്തിൽ കുറഞ്ഞത് 16,268 വോട്ടർമാർ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,91,442 വോട്ടർമാരുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 1,75,174 ആയി കുറഞ്ഞു.
  • ആകെ വോട്ടർമാർ-1,75,174 • പുരുഷന്മാർ-85,261
  • •സ്ത്രീകൾ-89,912 • ട്രാൻസ്ജൻഡർ-1

മുൻകാല വോട്ടുനില

നിയമസഭ- 2021

പ്രമോദ് നാരായൺ

(എൽ.ഡി.എഫ്.)-52669

റിങ്കു ചെറിയാൻ

(യു.ഡി.എഫ്.)-51384

കെ. പത്മകുമാർ

(എൻ.ഡി.എ.)-19587

നിയമസഭ- 2017

രാജു ഏബ്രഹാം

(എൽ.ഡി.എഫ്)-58749

മറിയാമ്മ ചെറിയാൻ

(യു.ഡി.എഫ്.)-44153

കെ. പത്മകുമാർ

(എൻ.ഡി.എ.)-28201.

ലോക്സഭ- 2024

ആന്റോ ആന്റണി

(യു.ഡി.എഫ്)-46,594

ടി.എം. തോമസ് ഐസക്ക് (എൽ.ഡി.എഫ്)-36,997

അനിൽ കെ. ആന്റണി

(എൻ.ഡി.എ)-30,758

ലോക്സഭ- 2019

ആന്‍റോ ആന്‍റണി

(യു.ഡി.എഫ്)-50755

വീണ ജോർജ്

(എൽ.ഡി.എഫ്)-42931

കെ. സുരേന്ദ്രൻ

(എൻ.ഡി.എ)-39560

Tags:    
News Summary - Will Ranni steal gold and pigs?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.