ഓടുന്ന തീവണ്ടിക്ക് മുന്നില്‍ സെല്‍ഫി; കുട്ടികളെ ലോക്കോ പൈലറ്റ് പിടികൂടി

തിരുവല്ല: തിരുവല്ലയില്‍ ഓടുന്ന തീവണ്ടിക്ക് മുന്നില്‍ സെല്‍ഫിയെടുത്ത സ്കൂള്‍ കുട്ടികളെ ട്രെയിന്‍ നിര്‍ത്തി പ ിടികൂടി ലോക്കോ പൈലറ്റ്. തിരുവല്ല സ്റ്റേഷൻ എത്തും മുമ്പുള്ള കുറ്റൂര്‍ മണിമല പാലത്തില്‍ ബംഗളൂരുവില്‍ നിന്നുള്ള ഐലന്‍‍ഡ് എക്സ്പ്രസിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാനാണ് കുട്ടികള്‍ ശ്രമിച്ചത്. പ്ലസ് വണ്‍, പത്താംക്ലാസ് വിദ്യാർഥികളാണ് പിടിയിലായത്. ലോക്കോ പൈലറ്റ് തുടർച്ചയായി ഹോൺ മുഴക്കിയിട്ടും കുട്ടികൾ പാളത്തിൽതന്നെ നിന്ന് സെൽഫിയെടുക്കൽ തുടരുകയായിരുന്നു. വേഗം കുറച്ചെത്തിയ ട്രെയിന്‍ കുട്ടികളുടെ വളരെ അടുത്തെത്തിയാണ് നിന്നത്. എന്നിട്ടും കുട്ടികള്‍ പാലത്തില്‍നിന്ന് മാറാതെ വന്നതോടെ കുട്ടികളെ തടഞ്ഞുെവക്കാന്‍ ലോക്കോ പൈലറ്റ് ട്രാക്കില്‍ ജോലി ചെയ്യുന്നവരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ സംഘത്തിലെ ഒരാൾ ഓടിരക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥര്‍ കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചെയ്ത തെറ്റിൻെറ ഗൗരവം ബോധ്യപ്പെടുത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥര്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പുവാങ്ങി വിട്ടയച്ചു. തിരുവല്ലയില്‍ സ്റ്റോപ്പുള്ളതിനാല്‍ മിക്ക ട്രെയിനുകള്‍ക്കും കുറ്റൂര്‍ പാലത്തില്‍ വേഗം കുറവായിരിക്കും. ഇത് മുതലെടുത്ത് സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ ഇവിടെയെത്തുന്നത് മുമ്പും ശ്രദ്ധയില്‍പ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ആർ.പി.എഫ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ വിളിച്ചുചേർത്ത് ബോധവത്കരണം നടത്തി. ഇത്തരം സംഭവം ആവർത്തിച്ചാൽ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സമീപത്തെ സ്കൂളുകളിലും ബോധവത്കരണം നടത്തുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.