സംസ്ഥാന പാതയോരം കൈയേറി പാർക്കിങ്​ നിരോധന ബോർഡ് സ്ഥാപിച്ചത്​ വിവാദത്തിൽ

തിരുവല്ല: സംസ്ഥാന പാതയോരം കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയശേഷം പാർക്കിങ് നിരോധന ബോർഡ് സ്ഥാപിച്ച സ്വകാര്യ വ്യക്തിയുടെ നടപടി വിവാദമാകുന്നു. തിരുവല്ല- മാവേലിക്കര സംസ്ഥാന പാതയിൽ ഉണ്ടപ്ലാവ് ജങ്ഷന് സമീപത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ഉടമയാണ് പമ്പിന് മുൻവശത്തെ ഭൂമി കൈയേറി ബോർഡ് സ്ഥാപിച്ചത്. പൊതുമരാമത്തിൻെറയോ കെ.എസ്.ടി.പിയുടെയോ അനുമതിയില്ലാതെ രണ്ടാഴ്ച മുമ്പ് കൈയേറ്റ ഭൂമിയിൽ തറയോട് പാകൽ തുടങ്ങിയിരുന്നു. നിർമാണം പൂർത്തിയായതിന് പിന്നാലെയാണ് കാൽനട പോലും തടസ്സപ്പെടുത്തുന്നതരത്തിൽ റിബൺ വലിച്ചുകെട്ടി പാർക്കിങ് നിരോധന ബോർഡുകൾ സ്ഥാപിച്ചത്. പമ്പിന് സമീപത്തായി അടുത്തിടെ നിർമിച്ച കെട്ടിത്തിലേക്ക് വഴിയൊരുക്കാൻ പാതയോരത്തെ തോട് നികത്തിയത് മുമ്പ് വിവാദമായിരുന്നു. എന്നാൽ, സ്ഥലം തിരികെ എടുക്കുന്നതിന് മരാമത്ത് വകുപ്പ് നടപടിയൊന്നും സ്വീകരിച്ചില്ല. അതിന് പിന്നാലെയാണ് പമ്പുടമയും സർക്കാർ ഭൂമി കൈയേറിയത്. കെ.എസ്.ടി.പിയുടെ കാലാവധി മാർച്ച് 31ന് അവസാസിച്ചിരുന്നു. എന്നാൽ, ഇതുവരെ റോഡ് പൊതുമരാമത്ത് വകുപ്പ് തിരികെ ഏറ്റെടുത്തിട്ടില്ല. പാതയോരത്ത് തറയോട് പാകുന്നതിന് അനുമതി ചോദിച്ച് ഒരുമാസം മുമ്പ് പമ്പുടമ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നതായും അനുമതി നിഷേധിച്ചതായും അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.ബി. സുഭാഷ് പറഞ്ഞു. തിരുവല്ല-മാവേലിക്കര പാതയിൽ കാവുംഭാഗം മുതൽ പരുമല പന്നായി പാലംവരെ ഭാഗത്ത് റോഡിനിരുവശവും സ്വകാര്യ വ്യക്തികൾ നടത്തിയിട്ടുള്ള കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതരോ ഗ്രാമപഞ്ചായത്ത് ഭരണസമിതികളോ തയാറാകാത്തതാണ് കൈയേറ്റങ്ങൾ ശക്തമാകാൻ ഇടയാക്കുന്നതെന്ന് ആരോപണമുണ്ട്. പെട്രോൾ പമ്പ് ഉടമയുടെ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.