പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഫയര്‍സ്റ്റേഷന്‍ വാടകക്കെട്ടിടത്തില്‍

അടൂര്‍: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി കാല്‍നൂറ്റാണ്ടിനു ശേഷം സ്ഥലവും വാഹനങ്ങളും പുതിയ ഉപകരണങ്ങളും ലഭിച്ചെങ്കിലും അടൂര്‍ അഗ്നിശമന-രക്ഷാ കേന്ദ്രം 27ാം വര്‍ഷത്തിലും വാടകക്കെട്ടിടത്തില്‍തന്നെ. ജനപ്രതിനിധികളുടെയും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം കേട്ടുമടുത്താണ് അടൂര്‍ ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മിക്കുന്നതിന് പന്നിവിഴയില്‍ കെ.ഐ.പിവക രണ്ടേക്കര്‍ സ്ഥലം രണ്ടു വര്‍ഷം മുമ്പ് കൈമാറിയത്. അടൂര്‍ താലൂക്കില്‍ അനുദിനം അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും വാടകക്കെട്ടിടത്തിലെ പരിമിതികളില്‍ ഫയര്‍ സ്റ്റേഷന്‍ വീര്‍പ്പുമുട്ടുകയാണ്. റവന്യൂ വകുപ്പിന്‍െറ 143/13 നമ്പര്‍ ഉത്തരവ് പ്രകാരം 2013 ജൂലൈ 16നാണ് തഹസില്‍ദാര്‍ എസ്. വിജയകുമാര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ഗോപകുമാറിന് ഇതുസംബന്ധിച്ച രേഖകള്‍ കൈമാറിയത്. പൊതുമരാമത്ത് കെട്ടിടം വിഭാഗം സ്ഥലപരിശോധന നടത്തി പ്ളാന്‍ തയാറാക്കുമെന്നും ബജറ്റില്‍ തുക അനുവദിക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ സമ്മര്‍ദപ്രകാരം അടുത്തിടെ പുതിയ ഫയര്‍ എന്‍ജിനും ആംബുലന്‍സും സ്റ്റേഷന്‍ ഓഫിസറുടെ ബൊലേറോ ജീപ്പും ഒഴുക്കില്‍പെട്ടവരെ തിരയുന്നതിന് ഒരു റബര്‍ ഡിങ്കിയും യമഹ എന്‍ജിനും ലഭിച്ചിരുന്നു. എന്നാല്‍, രണ്ടു ഫയര്‍ എന്‍ജിന്‍ പാര്‍ക്ക് ചെയ്യാനുള്ള ഷെഡ് മാത്രമേ സ്റ്റേഷനിലുള്ളൂ. ഒരു ഫയര്‍ എന്‍ജിനും ബൊലേറോ ജീപ്പും പാതക്കരികില്‍ വെയിലും മഴയുമേറ്റു കിടക്കുകയാണ്. റബര്‍ ഡിങ്കിയും യമഹ എന്‍ജിനും അപകട സ്ഥലത്ത് കൊണ്ടുപോകാന്‍ പ്രത്യേകം വാഹനവുമില്ല. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു പടിഞ്ഞാറ് ഹോളിക്രോസ് കവലക്ക് സമീപത്തെ വാടകക്കെട്ടിടത്തിലാണ് ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. എം.സി റോഡരികില്‍ സ്ഥിതി ചെയ്യുന്നതായതിനാല്‍ ജോലിഭാരം കൂടുതലാണ്. ഒരേ സമയം രണ്ടു ഫയര്‍ എന്‍ജിനുകള്‍ ഇടാനുള്ള സൗകര്യമേ ഇവിടൊള്ളു. ഇതുകാരണം ഇവിടേക്ക് നേരത്തേ അനുവദിച്ച ഫയര്‍ എന്‍ജിന്‍ ആറ്റിങ്ങലിലേക്ക് മാറ്റുകയായിരുന്നു. സ്ഥലപരിമിതി മൂലം റിക്കവറി വാന്‍, എമര്‍ജന്‍സി സെന്‍റര്‍, മിനി ഫയര്‍ എന്‍ജിന്‍, വാട്ടര്‍ ലോറി എന്നിവ ഇവിടെ ഇപ്പോഴുമില്ല. താഴത്തെ നിലയിലെ ഇടുങ്ങിയ മുറിയാണ് ജീവനക്കാരുടെ വിശ്രമകേന്ദ്രം. പരേഡ് നടത്താനും സൗകര്യമില്ല. പ്രവര്‍ത്തനം തുടങ്ങി 27 വര്‍ഷമായിട്ടും സ്വന്തം കെട്ടിടം എന്ന ആവശ്യം അനിശ്ചിതമായി നീളുകയാണ്. എം.സി റോഡില്‍ തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടക്കുള്ള ഏക അഗ്നിശമനസേനാ കേന്ദ്രമാണ് അടൂരിലേത്. കെ.പി. കുമാരസ്വാമി ഫയര്‍ഫോഴ്്സ് കമാന്‍ഡന്‍റ് ജനറലായിരിക്കെ 1989 മാര്‍ച്ച് 31നാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഇതിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. ഹോളിക്രോസ് കവലക്ക് സമീപം രണ്ടു കടമുറിയിലായിട്ടായിരുന്നു ആദ്യകാല പ്രവര്‍ത്തനം. നഗരത്തില്‍നിന്ന് അഞ്ചു കി.മീ. അകലെ പന്നിവിഴ പീടികയില്‍ ദേവീക്ഷേത്രത്തിന് സമീപം കല്ലട ജലസേചനപദ്ധതിയുടെ രണ്ട് ഏക്കര്‍ സ്ഥലം അഗ്നിശമന സേനക്ക് കെട്ടിടം നിര്‍മിക്കാന്‍ യോഗ്യമെന്ന് കണ്ടത്തെുകയും ഇതിനായുള്ള നടപടി ഒന്നര വര്‍ഷം മുമ്പ് തുടങ്ങിയെങ്കിലും എങ്ങുമത്തെിയിട്ടില്ല. കെട്ടിടം നിര്‍മിക്കുന്നതിന് 35 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. വെള്ളം ശേഖരിക്കുന്നത് അഞ്ചു കി.മീ. അകലെ പന്നിവിഴയിലെ നഗരസഭ കുളത്തില്‍നിന്നാണ്. ഫയര്‍ ഫോഴ്സിനായി ജല അതോറിറ്റിയും പൊതുമരാമത്തും ചേര്‍ന്ന് സ്ഥാപിക്കേണ്ട ഫയര്‍ ഹൈഡ്രന്‍റുകള്‍ പ്രാവര്‍ത്തികമായിട്ടില്ല. ആവശ്യത്തിന് ഉപകരണങ്ങളുമില്ല. റിക്കവറി വാന്‍, ചെറിയ പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന മിനിഫയര്‍ എന്‍ജിനോ നീന്തലില്‍ പരിശീലനം ലഭിച്ചവരോ സ്റ്റേഷനിലില്ല. മുങ്ങിത്തപ്പാന്‍ ഒരു പാതാളക്കരണ്ടി മാത്രമേയുള്ളു. സ്റ്റേഷന്‍ ഓഫിസര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍, നാല് ലീഡിങ് ഫയര്‍മാന്മാര്‍, ഏഴ് ഡ്രൈവര്‍മാര്‍, ഒരു ഡ്രൈവര്‍ കം മെക്കാനിക്, 24 ഫയര്‍മാന്മാര്‍ എന്നിങ്ങനെയാണ് ഇവിടുത്തെ തസ്തികകള്‍. നാലര വര്‍ഷത്തോളം ഒഴിഞ്ഞു കിടന്ന 11 ഫയര്‍മാന്മാരുടെ തസ്തിക പുതിയ നിയമനത്തിലൂടെ അടുത്തിടെ നികത്തിയെങ്കിലും മുമ്പ് സേവനം അനുഷ്ഠിച്ചിരുന്ന ഏഴു ഫയര്‍മാന്മാരെ പുതുതായി ആരംഭിച്ച റാന്നി, ചവറ ഫയര്‍സ്റ്റേഷനുകളിലേക്ക് മാറ്റിയതിനാല്‍ നിലവില്‍ ഇവിടെ 17 ഫയര്‍മാന്മാരേയുള്ളു എന്നതും ശ്രദ്ധേയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.