ഇസക്കി രാജ, നമ്പിരാജ
പന്തളം: പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവൻ സ്വർണാഭരണം കവർന്ന കുപ്രസിദ്ധ കവർച്ച സംഘമായ തിരുക്കുറംഗുഡി ഗ്യാങ്ങിലെ പ്രധാനികളായ രണ്ട് പേരെകൂടി പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. തിരുനൽവേലി നമ്പിതലൈവൻ പട്ടയം മുത്തുരാജ മകൻ ഇസക്കി രാജ എന്ന് വിളിക്കുന്ന കടപ്പാ രാജ (28), സഹോദരൻ നമ്പിരാജ (23) എന്നിവരെയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ മാണിക്കം മകൻ ഇസക്കി രമേശ്, ഗണേഷ് എന്നിവരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. വാടകക്കെടുത്ത കാറിൽ ഒ.എൽ.എകസ് സെർച്ച് ചെയ്ത് വിൽക്കാൻ വെച്ച അതേ മോഡൽ കാറിന്റെ നമ്പർ പ്ലേറ്റുകൾ വ്യാജമായി ഉണ്ടാക്കിയാണ് കവർച്ചക്കിറങ്ങുന്നത്. ഇത്തരത്തിൽ നാല് വ്യാജ നമ്പർ പ്ലേറ്റുകൾ നിർമിച്ചാണ് കൃത്യത്തിലേർപ്പെട്ടത്. ജനുവരി 29ന് വൈകീട്ട് കവർച്ചക്കായി പുറപ്പെട്ട തിരുക്കുറംഗുഡി ഗ്യാങ് അടഞ്ഞ് കിടന്ന പന്തളം കൈപ്പുഴ സ്വദേശി ബിജുവിന്റെ ഗേറ്റ് ചാടി കടന്ന് മുൻവാതിൽ തകർത്താണ് അലമാരയിലെ 51.5 പവൻ സ്വർണാഭരണം കവർന്നത്.
കൃത്യത്തിന് ശേഷം കർണാടക വ്യാജ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്ത് കർണാടക ഉടുപ്പിയിലെത്തി പ്രവാസിയുടെ വീടിന്റെ വാതിൽ തകർത്ത് കയറി 70 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും കവർന്നു. തുടർന്ന് വീണ്ടും കേരളത്തിലെത്തി കൊല്ലം കുമ്പളത്തും സമാന രീതിയിൽ മോഷണം നടത്തിയ ശേഷം കവർച്ചാ മുതലുകളുമായി തിരിച്ച് തമിഴ്നാട്ടിലെത്തി.
കാറിന്റെ അറ്റകുറ്റപണിക്ക് ശേഷം അടുത്ത കവർച്ചക്ക് തയാറെടുക്കുന്നതിനിടെയായിരുന്നു ആദ്യ അറസ്റ്റ്. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ മേൽനോട്ടത്തിൽ അടൂർ ഡിവൈ.എസ്.പി വി.എസ്. പ്രദീപ്കുമാർ, പന്തളം എസ്.എച്ച്.ഒ. ടി.ഡി. പ്രജീഷ്, എസ്.ഐ യു.വി. വിഷ്ണു, പൊലീസ് ഉദ്യോഗസ്ഥരായ ടി.എസ്. അനീഷ്, എസ്. അൻവർഷാ, ആർ. രഞ്ജിത്, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പടികൂടിയത്. കൃത്യത്തിലുൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.