മത്തോനം കുടുംബക്ഷേമ കേന്ദ്രത്തിലെ നഴ്സിന് കൃഷി കുടുംബകാര്യം

മല്ലപ്പള്ളി: എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ കീഴിലുള്ള മത്തോനം കുടുംബക്ഷേമ കേന്ദ്രത്തിലേക്ക് ആദ്യമത്തെുന്നവര്‍ അദ്ഭുതപ്പെടും. മുറ്റം നിറയെ വിവിധതരം പച്ചക്കറികള്‍ ഗ്രോബാഗിലും പ്ളാസ്റ്റിക് ചാക്കിലും വളര്‍ന്നുപന്തലിച്ച് നില്‍ക്കുന്നു. തണല്‍വിരിച്ച് കോവല്‍, പയര്‍, പാവല്‍, സൊയാബീന്‍, പടവലം, ചീര, വെണ്ട, തക്കാളി, വഴുതന, ബീന്‍സ്, പച്ചമുളക്, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍, കാരറ്റ് എന്നിവയും ഇഞ്ചി, മഞ്ഞള്‍, ചെറുകിഴങ്ങ്, കാച്ചില്‍ എന്നീ കൃഷികളാലും സമൃദ്ധമാണ്. കൃഷിക്കാരി ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് കെ.സി. മിനിമോള്‍. കട്ടപ്പന സ്വദേശിയായ ഇവര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കുടുംബക്ഷേമ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സില്‍ കുടുംബസമേതം താമസിക്കുകയാണ്. ആകെയുള്ള അഞ്ച് സെന്‍റ് സ്ഥലത്താണ് കൃഷി. പാറക്കെട്ട് കൂടുതലുള്ള സ്ഥലത്ത് പാറക്കെട്ടിന് മുകളിലും മതില്‍ക്കെട്ടിലും ഗ്രോബാഗുകള്‍ ഉപയോഗിച്ചാണ് കൃഷി. വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ക്ക് പുറമേ കൂടെ ജോലിചെയ്യുന്നവര്‍ക്കും പരിചയക്കാര്‍ക്കും പച്ചക്കറികള്‍ നല്‍കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും ആരോഗ്യവും അന്വേഷിച്ച് ഗ്രാമത്തിലെ വീടുകള്‍ കയറിയിറങ്ങി റിപ്പോര്‍ട്ട് തയാറാക്കിയശേഷം കിട്ടുന്ന സമയമാണ് കൃഷിക്കായി നീക്കിവെക്കുന്നത്. നാല്‍പതോളം ഗ്രോബാഗുകളും 25 പ്ളാസ്റ്റിക് ചാക്കുകളിലുമാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത് ചാണകവും ആട്ടിന്‍കാഷ്ഠവുമാണ്. വിത്തുപാകി ചെടി മുളച്ച് രണ്ട് ആഴ്ചക്കുശേഷം മത്തിയും ശര്‍ക്കരയും കൂട്ടിക്കുഴച്ച് 20 ദിവസംവെച്ച ശേഷം കിട്ടുന്ന മിശ്രിതത്തിന്‍െറ പത്ത് മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചുവട്ടില്‍ ഒഴിക്കും. ഇത് വളര്‍ച്ചക്കും വിളവിനും നല്ലതാണെന്നാണ് മിനിയുടെ അഭിപ്രായം. ഇതേ മിശ്രിതം അഞ്ച് മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് സ്പ്രേ ചെയ്താല്‍ കീടങ്ങളുടെ ശല്യമുണ്ടാകില്ല. തിരുവല്ല-മഞ്ഞാടിയിലെ സ്ഥാപനത്തില്‍നിന്നാണ് ഹൈബ്രിഡ് ഇനത്തിലെ വിത്തുകള്‍ വാങ്ങുന്നത്. 15വര്‍ഷമായി സര്‍ക്കാര്‍ സര്‍വിസില്‍ ജോലിചെയ്യുന്ന മിനി നേരത്തേ ജോലിചെയ്ത കല്ലൂപ്പാറ, മുരണി എന്നിവിടങ്ങളിലും കൃഷി നടത്തിയിരുന്നു. കൃഷിവകുപ്പില്‍നിന്ന് സൂപ്രണ്ടായി പിരിഞ്ഞ പിതാവില്‍നിന്ന് ലഭിച്ച അറിവാണ് മിനിയെ കൃഷിയിലേക്ക് അടുപ്പിച്ചത്. ഭര്‍ത്താവ് വായ്പ്പൂര് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ ഓവര്‍സിയറായ ബിബിന്‍സണും വിദ്യാര്‍ഥികളായ മക്കളും സഹായത്തിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.