അനിൽകുമാർ, രാജേഷ് നാഥ്
പത്തനംതിട്ട: സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാംപ്രതി കോന്നി കൊക്കാത്തോട് സ്വദേശി അനിൽവിലാസം വീട്ടിൽ അനിൽകുമാർ (52), രണ്ടാംപ്രതി മാവേലിക്കര കുന്നം സ്വദേശി തഴക്കര യാദേഷ് ഭവനം വീട്ടിൽ രാജേഷ് നാഥ് (47) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയുടെ ഉടമസ്ഥതയിൽ ‘അച്ചൂസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ സ്വയംതൊഴിൽ സംരംഭങ്ങൾക്കായി ലോൺ തരപ്പെടുത്തി കൊടുക്കുന്ന സ്ഥാപനമുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി ആളുകളിൽ നിന്ന് ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. പരാതിക്കാരുടെ എണ്ണം കൂടിയതോടെ പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ചെക്കുകളിൽ കൃത്രിമം കാട്ടിയും സഹകരണ ബാങ്കുകളുടേത് ഉൾപ്പെടെ ഒപ്പും സീലും വ്യാജമായി നിർമിച്ചും ആണ് ഇവർ തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതിക്കെതിരെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ സമാനമായ നിരവധി കേസുകൾ ഉണ്ട്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ അരുൺ.ജി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ അലോഷ്യസ്, ബിനു മോഹൻ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.