കോന്നി: ഫണ്ട് മുഴുവന്‍ നല്‍കിയിട്ടും പണിപാതിവഴിയിലായ കലഞ്ഞൂര്‍ വാഴപ്പാറയില്‍ ഫാമിങ് കോര്‍പറേഷന്‍െറ ലേബര്‍ ക്വാര്‍ട്ടേഴ്സ് കാടുകയറുന്നു. 1996ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും പണി പൂര്‍ത്തീകരിച്ചിട്ടില്ല. കട്ട കെട്ടി മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്ത 20ലധികം കെട്ടിടങ്ങളാണ് അനാഥമാകുന്നത്. 10 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. ഫാമിങ് കോര്‍പറേഷനിലെ തൊഴിലാളികള്‍ക്ക് താമസിക്കാനായിരുന്നു ഇവ നിര്‍മിച്ചത്. പല കെട്ടിടത്തിന്‍െറ ജനലുകളും കട്ടിളയും മോഷണം പോയി. ഒരു ക്വാര്‍ട്ടേഴ്സില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നു എന്നത് മാത്രമാണ് ജനങ്ങള്‍ക്ക് ഏക പ്രയോജനം. ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുന്നത് കൂടാതെ കെട്ടിടങ്ങള്‍ രാത്രിയില്‍ സാമൂഹിക വിരുദ്ധരുടെ താവളവുമാണ്. ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ കരാറുകാരന്‍ മുഴുവന്‍ തുകയും കോര്‍പറേഷന്‍ നല്‍കിയിരുന്നു. ഫാമിങ് കോര്‍പറേഷന്‍െറ റബര്‍ തോട്ടത്തിലെ തൊഴിലാളികള്‍ നിരവധിയാണ് ഇവിടെ താമസിക്കുന്നത്. കാലപ്പഴക്കത്താല്‍ കെട്ടിടം പൂര്‍ണമായും തകരുന്നതിന് മുമ്പായി അറ്റകുറ്റപ്പണി ചെയ്താല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഇത് പ്രയോജനകരമാകും. എന്നാല്‍, അതിന് ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.