പത്തനംതിട്ട: വേനൽമഴ കനിഞ്ഞില്ലെങ്കിൽ ജില്ലയിലെ പ്രധാന ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയിലെ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലാകും. ഇല്ലെങ്കിൽ കാലവർഷം നേരത്തേ എത്തണം. പല ദിവസങ്ങളിലും വേനൽ മഴ ജില്ലയുടെ പലഭാഗങ്ങളിലും പെയ്യുന്നുണ്ടെങ്കിലും വളരെ ദുർബലമാണ്. വലിയ മഴ പെയ്യുമെന്ന് തോന്നുമെങ്കിലും ചെറുതായി ചാറി ഒഴിഞ്ഞുപോകുകയാണ്. ജലവൈദ്യുതി പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ഇതും ഇല്ലാത്ത അവസ്ഥയാണ്.
ശബരിഗിരിയിൽ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ഉൽപാദനം 4 മില്യൺ യൂനിറ്റാണ്. പദ്ധതിയുടെ ഭാഗമായ കക്കി, പമ്പ, മൂഴിയാർ ജലസംഭരണികളിൽ പരമാവധി 37 ദിവസം കൂടി വൈദ്യുതി ഉൽപാദിപ്പിക്കാനുളള വെള്ളമേയുള്ളൂ. വേനൽമഴ ഇല്ലാത്തതുമൂലം സംഭരണികളിലേക്കുള്ള നീരൊഴുക്കു നിലച്ച അവസ്ഥയാണ്. ജൂൺ ആദ്യംതന്നെ കാലവർഷം തുടങ്ങി സംഭരണികളിലേക്ക് നല്ലതോതിൽ നീരൊഴുക്ക് ഉണ്ടായില്ലെങ്കിൽ വൈദ്യുതി ഉൽപാദനം തടസ്സപ്പെടും. കഴിഞ്ഞ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ ഇടവിട്ട് കനത്ത വേനൽ മഴ വൃഷ്ടിപ്രദേശമായ വനമേഖലയിൽ ലഭിച്ചിരുന്നു. ഇക്കുറി മറ്റു ഭാഗങ്ങളിലെ കാലാവസ്ഥ പോലെയാണ് വനത്തിനുള്ളിലും. ഡാമുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാത്തത് വെള്ളത്തിന്റെ സംഭരണശേഷിയെ ബാധിച്ചത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കംകൂട്ടുന്ന ഘടകമാണ്. വർഷങ്ങളായി അടിഞ്ഞുകൂടിയ എക്കലും ചളിയും ഡാമിന്റെ അടിത്തട്ട് ഉയർത്തി. 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടി വലിയതോതിൽ ചളി അടിഞ്ഞുകൂടിയിരുന്നു. ചളി നീക്കുമെന്ന് പറഞ്ഞതല്ലാതെ നടപടിയുണ്ടായില്ല.
ശബരിഗിരി ജലവൈദ്യുതി പദ്ധതി 1966 ഏപ്രിൽ 18ന് കമീഷൻ ചെയ്തശേഷം അണക്കെട്ടുകളുടെ പരിചരണം കാര്യമായി നടന്നിട്ടില്ല എന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
വേനൽ ചൂടിൽ നാട് വെന്തുരുകുമ്പോൾ വൈദ്യുതി വിതരണത്തിലും തടസ്സമുണ്ടായാൽ അത് ജനജീവിതം ദുരിതപൂർണമാക്കും. നാട്ടിലെങ്ങും ജലക്ഷാമം അതിരൂക്ഷമാണ്. പത്തനംതിട്ട നഗരത്തിൽ പോലും പല പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. കനാലുകളിലൂടെയുള്ള ജലവിതരണം തടസ്സപ്പെട്ടത് ക്ഷീരകർഷകർ ഉൾപ്പെടെ കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.