പ്രതീകാത്മക ചിത്രം
പത്തനംതിട്ട: വേനൽ കനത്തതോടെ നഗരസഭ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. ശുദ്ധജലം കിട്ടാതെ ജനം വലയുന്നു. പത്തനംതിട്ട നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ വാൽവ് തകരാർ കാരണം ജലവിതരണം നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽ രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് അനുഭവപ്പെടുന്നത്. അഞ്ചക്കാല, ഒറ്റുകൽ, വഞ്ചികപൊയ്ക, പൂവൻപാറ, താഴെ വെട്ടിപ്രം, കുമ്പാങ്ങൽ, മുണ്ടുകോട്ടയ്ക്കൽ, പാറേൽ ഭാഗം പരുവപ്ലാക്കൽ, വാളുവെട്ടുപാറ, തേങ്ങാപ്പാറ, തോണിക്കുഴി, നന്നുവക്കാട്, പാലശേരിൽ ഉന്നതി, നന്നുവക്കാട് ഊപ്പമല ഉന്നതി, ചുട്ടിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജനം വലയുകയാണ്. പലപ്പോഴും പണം കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്‌ഥയാണ്.
നഗരസഭയുടെ നേതൃത്വത്തിൽ മൂന്നു ടാങ്കറുകളിൽ പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനു തികയുന്നില്ല എന്നാണ് പരാതി. പൂവൻപാറ, അഴൂർ, തൈക്കാവ് ഭാഗങ്ങളിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ പാമ്പൂരിപ്പാറ പ്ലാന്റിലെ വാൽവ് തകരാറായതിനാൽ ദിവസങ്ങളായി ശുദ്ധജല വിതരണം നടക്കാത്തതും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. വാൽവ് അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കി വെള്ളം വിതരണം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു. മേലേവെട്ടിപ്രം, കുമ്പഴ, പത്തനംതിട്ട ടൗൺ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന അടുത്ത വാൽവ് കൂടി തകരാറിലായിട്ടുണ്ടെന്നും പറയുന്നു. ഇതുകാരണം നഗരത്തിൽ മിക്കയിടത്തും ശുദ്ധജലം കിട്ടാത്ത സ്ഥിതി ഉണ്ടാകുമെന്നാണ് സൂചന. വെള്ളം കിട്ടാതെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും ബുദ്ധിമുട്ടുകയാണ്.
ഏഴംകുളം: ഏഴംകുളം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിൽ നേരത്തെ വെള്ളം വറ്റിത്തുടങ്ങിയിരുന്നു. പൈപ്പ് വെള്ളവും പലയിടത്തും ലഭിക്കുന്നില്ല. പൈപ്പ് ലൈൻ പണി തുടങ്ങിയ ശേഷം പലയിടത്തും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കർ വെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് മാത്രം ശാശ്വത പരിഹാരമാകില്ലെന്നാണ് ആളുകൾ പറയുന്നത്.ഇളങ്ങമംഗലം, കൊയ്പ്‌പുള്ളിമല, നെടുമൺ, കൈതപ്പറമ്പ് ഭാഗങ്ങളിലൊക്കെ കുടിവെള്ളക്ഷാമമുണ്ട്. പ്രശ്‌നം പരിഹരിക്കാൻ പദ്ധതികൾ പരിഗണിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. എന്നാൽ ഇതിനു സാധ്യമായ ഒട്ടേറെ ഇടങ്ങൾ പഞ്ചായത്ത് പരിധിയിൽ തന്നെയുണ്ട്.
ഏഴംകുളം ഭാഗത്ത് പലയിടത്തായി ഉപയോഗശൂന്യമായി കിടക്കുന്ന ചിറകളും കുളങ്ങളുമുണ്ട്. ഇവയൊക്കെ കുടിവെള്ള പദ്ധതികൾക്ക് ഉപയോഗിക്കാവുന്നതാണ്. പലതും പായലും പോളയും നിറഞ്ഞുകിടക്കുകയാണ്. അറുകാലിക്കൽ ഈഴക്കോട്ട് ചിറ, ചിറക്കരോട്ട് ചിറ, വല്യാംകുളം, ഏഴംകുളം ജങ്ഷനിലെ കുളം തുടങ്ങിയവയൊക്കെ ഉപയോഗിക്കാവുന്നതാണ്. കുളങ്ങൾ വൃത്തിയാക്കിയാൽ സമീപത്തുള്ളവർക്കും വേനൽക്കാലത്ത് ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.