പത്തനംതിട്ട: വേനൽ രൂക്ഷമായതോടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഡാമുകളിൽ ജലനിരപ്പ് അതിവേഗം താഴുന്നു. കക്കിയിൽ 35 ശതമാനവും പമ്പയിൽ 20 ശതമാനത്തിൽ താഴെയുമാണ് ജലനിരപ്പ്. നിലവിലുള്ള രീതിയിൽ വൈദ്യുതി ഉൽപാദനം തുടർന്നാൽ പരമാവധി ഒന്നര മാസത്തെ ഉപയോഗത്തിനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.
985.45 മീറ്റർ ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടിൽ 961.74 മീറ്ററും 986.33 മീറ്റർ ശേഷിയുള്ള പമ്പാഡാവിൽ 963.35 മീറ്ററുമാണ് ജലനിരപ്പ്. വെള്ളത്തിന്റെ കുറവു മൂലം പകൽ സമയം ഉൽപാദനം നിയന്ത്രിച്ചിട്ടുണ്ട്.
പ്രതിവർഷം 1338 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടുകളുടെ പരിചരണത്തിനായി കെ.എസ്.ഇ.ബി കാലങ്ങളായി ഒന്നും ചെയ്യുന്നില്ലന്ന ആേക്ഷപവുമുണ്ട്. വർഷങ്ങളായി ജലസംഭരണികളുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ ചളി, സ്ളൂയിഡ് വാൽവ് തുറന്നുവിട്ട് നീക്കംചെയ്യാൻ ശ്രമിക്കാത്തതിനാൽ ഡാമിന്റെ സംഭരണ ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കക്കി, പമ്പാ ജലസംഭരണികളെ 3200 മീറ്റർ നീളമുള്ള തുരങ്കം വഴി ബന്ധിപ്പിച്ചാണ് മൂഴിയാറിലെ പവർ ഹൗസിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെള്ളം എത്തിക്കുന്നത്.
ഈ ജലം ഉപയോഗിച്ച് ആറ് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉൽപാദനം. എന്നാൽ രണ്ട്, നാല് ജനറേറ്ററുകൾ വാർഷിക അറ്റകുറ്റപ്പണികൾക്കായി നിർത്തിവെച്ചിരിക്കുകയാണ്. പദ്ധതി കമീഷൻ ചെയ്ത ശേഷം ആദ്യമായാണ് രണ്ടാം നമ്പർ ജനറേറ്ററിന്റെ ടർബൈൻ ഷാഫ്റ്റ്, സ്കേറ്റർ അടക്കമുള്ള പ്രധാന ഭാഗങ്ങൾ മാറ്റുന്ന ജോലികൾ നടക്കുന്നത്. അടുത്ത മാസത്തോടെ ജോലികൾ പൂർത്തിയാക്കി പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നാലാം നമ്പർ ജനറേറ്ററിന്റെയും വാർഷിക അറ്റകുറ്റപ്പണികൾ വൈകാതെ പൂർത്തിയാകും. എന്നാൽ വെള്ളം കുറവായതിനാൽ ഉൽപാദനത്തിൽ കാര്യമായ വർധന ഉണ്ടാകാൻ സാധ്യതയില്ലെന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ പറയുന്നു.
ഇപ്പോൾ നാല് ദശലക്ഷം ഘനമീറ്റർ ജലമാണ് വൈദ്യുതി ഉൽപാദനത്തിനായി പ്രതിദിനം ഉപയോഗിക്കുന്നത്. ഇതേ രീതിയിൽ ഉപയോഗം തുടർന്നാൽ ജൂണിന് മുമ്പ് ജല നിരപ്പ് കേവലം 10 ശതമാനം മാത്രമാകും.
ശബരിഗിരി പദ്ധതിയിൽ നിന്ന് വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറന്തളളുന്ന ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അഞ്ച് ചെറുകിട ജലവൈദ്യുത പദ്ധതികളിലും ഉൽപാദനം കുറച്ചിട്ടുണ്ട്. കക്കാട്ടാറിലെ ജലം മൂഴിയാറിൽ തടഞ്ഞുനിർത്തിയാണ് കക്കാട് ജലവൈദ്യുത പദ്ധതി (50 മെഗാവാട്ട്) പ്രവർത്തിക്കുന്നത്. അള്ളുങ്കൽ ഇ.ഡി.സി.എൽ, കാരിക്കയം ശ്രീഅയ്യപ്പാ ഹൈേഡ്രാ ഇലക്ട്രിക്, മണിയാർ കാർബോറാണ്ടം, പെരുനാട് പദ്ധതി എന്നിവയിൽ എല്ലാം പകൽ സമയം വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല. വൈകുന്നേരം ആറു മുതലുള്ള പീക്ക് ലോഡ് സമയത്ത് മാത്രമാണ് ഉൽപാദനം. ചെറുകിട പദ്ധതികളിലെ ഏറ്റവും വലിയ ഡാമായ മൂഴിയാറിലും ജലനിരപ്പ് തീരെ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.