കുടിവെള്ള പദ്ധതിക്കായി പണപ്പിരിവ്: മണ്ണൂരില്‍ സമരവുമായി യു.ഡി.എഫ് -ബി.ജെ.പി അംഗങ്ങള്‍

പത്തിരിപ്പാല: കുടിവെള്ള പദ്ധതിയുടെ പേരില്‍ ചിലര്‍ അനധികൃത പണപ്പിരിവ് നടത്തുന്നുണ്ടെന്നും ഇതേപറ്റി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്-ബി.ജെ.പി അംഗങ്ങള്‍ വെവ്വേറെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോഴിചുണ്ടയില്‍ ആരംഭിക്കുന്ന ജില്ലാ പഞ്ചായത്തിന്‍െറ കുടിവെള്ള പദ്ധതിക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പദ്ധതി തുടങ്ങുന്നതിന് മുമ്പ് മുന്‍പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പദ്ധതിക്കായി പണം പിരിക്കുന്നുവെന്നാണ് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ ശനിയാഴ്ച നടന്ന ഭരണസമിതി യോഗത്തില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്ന് വിഷയം ചര്‍ച്ചചെയ്യണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അന്വേഷിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.ഭരണസമിതിയോ വാര്‍ഡ് അംഗമോ അറിയാതെയാണ് പണപ്പിരിവ് നടത്തുന്നതെന്നും അംഗങ്ങള്‍ ആരോപിച്ചു. പ്രദേശത്തുകാര്‍ പണം നല്‍കിയ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും അവരേയും ഉള്‍പ്പെടുത്തി വരും നാളുകളില്‍ സമരം ശക്തമാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന്, വിയോജന കുറിപ്പ് എഴുതിയ ശേഷം ഇരുവിഭാഗം അംഗങ്ങളും പഞ്ചായത്തിനുള്ളില്‍ പ്രതിഷേധിച്ച് കുത്തിയിരുന്നു. യു.ഡി.എഫ് അംഗങ്ങളായ ശിവപ്രകാശ്, വി.എം. അന്‍വര്‍ സാദിഖ്, എ. ഷെഫീഖ്, നൂര്‍ജഹാന്‍, നസീമ റിയാസ്, ബി.ജെ.പി അംഗങ്ങളായ ദിവാകരന്‍, ശ്രീജ എന്നിവരും വിയോജന കുറിപ്പ് എഴുതി. എന്നാല്‍, ഇത് സംബന്ധിച്ചുള്ള ഒരു പരാതിയും പ്രദേശത്തെ ജനങ്ങളില്‍നിന്ന് ലഭിച്ചിട്ടില്ളെന്നും ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഒ.വി. സ്വാമിനാഥന്‍ അറിയിച്ചു. സമരം ശക്തമാക്കുമെന്ന് ബി.ജെ.പി അംഗങ്ങളും അറിയിച്ചു. അനധികൃത പണപ്പിരിവിനെതിരെ വ്യാപക പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യൂത്ത് ലീഗ് നേതാവ് നൗഷാദും അനധികൃത പിരിവിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.