പെട്രോൾ പമ്പിലെ ഡെൻസിറ്റി (സാന്ദ്രത) കാണിക്കുന്ന ഭാഗം മറച്ച നിലയിൽ

പരിശോധനകൾ കുറവ്; പല പെട്രോൾ പമ്പുകളിലും സാന്ദ്രത പ്രദർശിപ്പിക്കുന്നില്ല

പാലക്കാട്: ഉപഭോക്താവിന് താൻ വാങ്ങുന്ന ഇന്ധനത്തിന്റെ ഗുണമേന്മ അറിയാൻ ആവശ്യമായ ഫില്ലിങ് മെഷീനിലെ ഡെൻസിറ്റി (സാന്ദ്രത) അറിയാനുള്ള മാർഗം പ്രദർശിപ്പിക്കാതെ പെട്രോൾ പമ്പുകൾ. മെഷീനിലെ ഡെൻസിറ്റി പ്രദർശിപ്പിക്കുന്ന ഭാഗം മറച്ചുവെക്കുകയോ അല്ലെങ്കിൽ പൂജ്യം അളവിൽ പ്രദർശിപ്പിക്കുകയോ ആണ് ചെയ്യുന്നത്. പരാതി പറയുന്നവരോട് എല്ലാ ദിവസവും ഡെൻസിറ്റി പരിശോധിക്കുകയും അളവ് നോട്ടീസ് ബോർഡിൽ എഴുതിവെക്കുകയും ചെയ്യുന്നെന്നാണ് പ്രതികരണം.

സർക്കാർ തല പരിശോധനകളുടെ കുറവാണ് ഇത്തരം നടപടികൾക്ക് കാരണമാകുന്നതെന്ന് പറയപ്പെടുന്നു. പമ്പുകളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികൾ പരിശോധിക്കാനുള്ള അധികാരം ജില്ല സൈപ്ല ഓഫിസർക്കാണ്. ഇന്ധന ഗുണമേന്മ, കുടിവെള്ളം, ശൗചാലയം പോലുള്ളവയുടെ പരാതികളടക്കമുള്ളതെല്ലാം ഡി.എസ്.ഒയുടെ പരിധിയിലാണ്. എന്നാൽ അളവ് തൂക്കത്തിൽ വരുന്ന പരാതികൾ പരിശോധിക്കേണ്ടത് ലീഗൽ മെട്രോളജി വകുപ്പുമാണ്.

പെട്രോൾ പമ്പിലെ ഡെൻസിറ്റി (സാന്ദ്രത) എന്നത് ഇന്ധനത്തിന്റെ ഗുണനിലവാരം അളക്കുന്ന പ്രധാന മാനദണ്ഡമാണ്. ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) മാനദണ്ഡപ്രകാരം 15 ഡിഗ്രി സെൽഷ്യസിൽ പെട്രോളിന് 720-775 kg/m3ഉം ഡീസലിന് 820- 860 kg/m3ഉം ആണ് സാധാരണ ഡെൻസിറ്റി പരിധി. ഇത് താപനില, എത്തനോൾ അളവ്, ശുദ്ധീകരണ പ്രക്രിയകൾ എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം, കൂടിയ സാന്ദ്രത കൂടുതൽ ഊർജം നൽകുമെങ്കിലും കൃത്യമായ ഗുണനിലവാരം ഉറപ്പാക്കാൻ ഡെൻസിറ്റി മീറ്ററിൽ പരിശോധിക്കുന്നത് നല്ലതാണ്.

താപനില കൂടുമ്പോൾ സാന്ദ്രത കുറയുകയും കുറയുമ്പോൾ കൂടുകയും ചെയ്യുന്നതിനാൽ കൃത്യമായ താരതമ്യത്തിനാണ് 15 ഡിഗ്രി സെൽഷ്യസ് ഒരു റഫറൻസ് താപനിലയായി കണക്കാക്കുന്നത്. എത്തനോളിന്റെ അളവും ഡെൻസിറ്റിയെ ബാധിക്കും. എത്തനോൾ ചേരുമ്പോൾ പെട്രോളിന്റെ സാന്ദ്രത കുറയാൻ സാധ്യതയുള്ളതിനാൽ ഇത് മൈലേജിനെയും ബാധിക്കുകയും എൻജിൻ കാര്യക്ഷമത കുറക്കുകയും തേയ്മാനം കൂട്ടുകയും ചെയ്യും. 

Tags:    
News Summary - lack of tests quantity not displayed at many petrol pumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.