പാലക്കാട്: കോൺഗ്രസിൽനിന്ന് കൂറുമാറി സി.പിഎം പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്‍റായ എൻ.കെ. മഞ്ജു രാജിവെച്ചു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച എൻ.കെ. മഞ്ജു, കൂറുമാറി എൽ.ഡി.എഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്‍റാവുകയായിരുന്നു. ഇത് വിവാദമാകുകയും അയോഗ്യയാക്കാൻ കോൺഗ്രസ് നീക്കം നടത്തുകയും ചെയ്യുന്നതിനിടെയാണ് രാജി വെച്ചത്.
‘ഇന്നും നാളെയും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായിരിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് എന്‍റെ പേര് നിർദേശിച്ചപ്പോൾ എൽ.ഡി.എഫ് മെംബർമാർ പിന്തുണ നൽകുക മാത്രമാണുണ്ടായത്. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ഈ പിന്തുണ സ്വീകരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല....’ -എൻ.കെ. മഞ്ജു വ്യക്തമാക്കി.
പത്തുവർഷമായി എൽ.ഡി.എഫാണ് അഗളി പഞ്ചായത്ത് ഭരിക്കുന്നത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പത്ത് സീറ്റും എൽ.ഡി.എഫിനെ ഒമ്പത് സീറ്റും ബി.ജെ.പിക്ക് രണ്ട് സീറ്റുമായിരുന്നു ലഭിച്ചത്. സിബു സിറിയക്കിനെയായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, മഞ്ജുവിന്‍റെ വോട്ടോടെ എൽ.ഡി.എഫ് അധികാരത്തിൽ വരികയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് കോൺഗ്രസ് പരാതി നൽകി. മാത്രമല്ല, വിഷയത്തിൽ ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിരിക്കെയാണ് എൻ.കെ. മഞ്ജു രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.