കിഴക്കന്‍ മേഖലയിലെ വയറിളക്കരോഗ തീവ്രത കുറഞ്ഞു

പാലക്കാട്: ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച വയറിളക്കത്തിന്‍െറ തീവ്രത കുറഞ്ഞു. മൂന്ന് പേര്‍ മരിച്ച പട്ടഞ്ചേരി പഞ്ചായത്തില്‍ വെള്ളിയാഴ്ച പുതുതായി അഞ്ച് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തുനിന്ന് 14 വെള്ള സാമ്പിളുകള്‍ എടുത്ത് വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ചിറ്റൂര്‍ മേഖലയില്‍ നടന്ന ക്യാമ്പില്‍ 52 പേരാണ് പരിശോധനക്ക് വിധേയരായത്. അഞ്ചുപേരില്‍ മാത്രമേ വയറിളക്കം സ്ഥിരീകരിച്ചുള്ളൂ എന്നത് ആശ്വാസകരമാണെന്നും വയറിളക്കത്തിന്‍െറ തീവ്രത കുറയുന്നതിന്‍െറ ലക്ഷണമാണെന്നും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നാസര്‍ പറഞ്ഞു. ചിറ്റൂര്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും വയറിളക്കം ബാധിച്ചവര്‍ക്കായി പ്രത്യേക വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. മഴക്കാലരോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ അടിയന്തര യോഗവും വെള്ളിയാഴ്ച കലക്ടറുടെ ചേംബറില്‍ കലക്ടറുടെ നേതൃത്വത്തില്‍ നടന്നു. വയറിളക്കം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ ഡയാലിസിസിന് വിധേയരാവുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്ക് രോഗം പടരാതിക്കാനുള്ള മുന്‍കരുതലുകളും ആരോഗ്യവകുപ്പധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ അശാസ്ത്രീയവും വൃത്തിഹീനവുമായ സാഹചര്യത്തില്‍ വെള്ളം സൂക്ഷിച്ചതാണ് രോഗം പടരുന്നതിന് കാരണമായി കരുതുന്നത്. വയറിളക്കമുണ്ടെന്ന് തോന്നിയാല്‍ സ്വയം ചികിത്സക്ക് വിധേയരാവുന്നതാണ് അപകടത്തിന് കാരണമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.