പാലക്കാട്: ദേശീയപാത 544ൽ പിരിവുശാലയിൽ വോൾവോ ബസുകളും കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് ബസുകളും ഒരു കാറും ഒരു ലോറിയും ഉൾപ്പെടെ നാല് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന രണ്ട് ബസുകളും കാറുമാണ് ഇടിച്ചത്. ചൊവ്വാഴ്ച രാവിലെ 7.10നാണ് അപകടം. റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലേക്ക് ആദ്യം കാറും പിന്നാലെ വന്ന ബസുകളും ഒന്നിന് പിറകെ ഒന്നായി ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഒരു ബസ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ബസിനകത്ത് കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ പാലക്കാട് അഗ്നിരക്ഷാസേന എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അൻവറിന്റെ നേതൃത്വത്തിൽ ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തത്.
ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു. കാർ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. രണ്ടാമത്തെ ബസിലെ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബസിലെയും 20 ഓളം യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ആർക്കും പരിക്കുകളില്ല. അപകടത്തെ തുടർന്ന് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പിന്നീട് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കി. കസബ പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.