ആഘോഷമായി നബിദിനം

ഒറ്റപ്പാലം: മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും ആഘോഷിച്ചു. വിവിധ മദ്റസകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിശ്വാസികളുടെയും ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രവാചകന്‍െറ മഹത്വം പ്രകീര്‍ത്തിപ്പിക്കുന്ന ഗാനങ്ങള്‍ക്ക് ചുവടുവെച്ച് നീങ്ങിയ ദഫ്മുട്ട് ഘോഷയാത്രക്ക് വര്‍ണപകിട്ടേകി. ഒറ്റപ്പാലം മേഖലയില്‍ മദ്റസകളുടെ ആഭുമുഖ്യത്തില്‍ രാവിലെ മുതല്‍ തുടങ്ങിയ ആഘോഷപരിപാടികള്‍ മണിക്കൂറുകളോളം നീണ്ടു. നബിദിനത്തോടനുബന്ധിച്ച് രാത്രി പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. ചെര്‍പ്പുളശ്ശേരി: നബിദിനാഘോഷത്തിന്‍െറ ഭാഗമായി ചെര്‍പ്പുളശ്ശേരിയിലും പരിസര പ്രദേശങ്ങളായ കാറല്‍മണ്ണ കച്ചേരിക്കുന്ന്, ടൗണ്‍, മാങ്ങോട്, കുറ്റിക്കോട്, ചളവറ, നെല്ലായ, മാരായമംഗലം, പേങ്ങാട്ടിരി, പൊട്ടച്ചിറ, എഴുവന്തല, മോളൂര്‍ എന്നിടങ്ങളിലും റാലികളും മധുരവിതരണവും നടന്നു. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും മദ്റസകള്‍ തമ്മിലുള്ള ദഫ് മത്സരങ്ങളും അരങ്ങേറി. മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വിവിധ മദ്റസകളില്‍ നബിദിനമാഘോഷിച്ചു. നായാടിക്കുന്ന് അല്‍ മദ്റസത്തുല്‍ റഷീദിയ്യ വിദ്യാര്‍ഥികള്‍ ഘോഷയാത്ര നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അന്നദാനവും പ്രത്യേക പ്രാര്‍ഥനയും നടന്നു. കോടതിപ്പടി മുഹമ്മദിയ മദ്റസയിലും ഘോഷയാത്രയും കലാപരിപാടികളും നടന്നു. ചന്തപ്പടി തന്‍വീറുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ഥികളും ഘോഷയാത്ര നടത്തി. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. അഗളി: ബദരിയ്യ മദ്റസയുടെ നേതൃത്വത്തില്‍ നബിദിന ഘോഷയാത്ര നടത്തി. രാവിലെ എട്ടിന് അഗളി ബദരിയ്യ പള്ളി കമ്മിറ്റി പ്രസിഡന്‍റ് സിദ്ദീഖ് പാതാക ഉയര്‍ത്തി. വൈകീട്ട് അന്നദാനവും കലാപരിപാടികളും നടന്നു. പട്ടാമ്പി: മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും ആഘോഷിച്ചു. വിളയൂര്‍ കുപ്പൂത്ത് മഹല്ല് ഖാദിരിയ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസം നീളുന്ന നബിദിനാഘോഷം തുടങ്ങി. അടുത്ത മാസം ജീലാനി ദിനത്തോടെ സമാപിക്കും. ഖാദിരിയ്യ മഹല്ല് കാരണവര്‍ പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തി. ഖാദിരിയ്യ വര്‍ക്കിങ് പ്രസിഡന്‍റ് കെ.കെ. ഇസ്മയില്‍ അല്‍ ഹസനി പ്രാര്‍ഥന നടത്തി. കുപ്പൂത്ത് ഇര്‍ശാദുസ്സിബിയാന്‍, മഞ്ഞളാംകുഴി നുസ്രത്തുല്‍ ഇസ്ലാം സുന്നി മദ്റസ വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി. പാറമ്മല്‍ ബദ്രിയ്യ സുന്നി മസ്ജിദില്‍ പുലര്‍ച്ചെ മൗലിദ് പാരായണത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ വിദ്യാര്‍ഥികളുടെ മീലാദ് ഘോഷയാത്ര നടക്കും. പട്ടാമ്പി: വിയറ്റ്നാംപടി സിറാജുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്റസയില്‍ നബിദിനാഘോഷം നടത്തി. രാവിലെ ഘോഷയാത്രയും വൈകീട്ട് വിവിധ കലാപരിപാടികളും നടന്നു. തച്ചനാട്ടുകര: വിവിധ മദ്റസകളില്‍ നബിദിന റാലികള്‍ നടന്നു. അമ്പത്തിമൂന്നാംമൈല്‍ പാറപ്പുറം ഇര്‍ഷാദുല്‍ അഥ്ഫാല്‍ മദ്റസ, കുന്നുംപുറം നജാത്ത് സ്വിബിയാന്‍, പാറമ്മല്‍ ഇര്‍ഷാദുസ്വിബിയാന്‍, പുതുമനക്കുളമ്പ് നൂറുല്‍ ഇസ്ലാം മദ്റസ, നാട്ടുകല്‍ ഐ.എന്‍.ഐ.സി യത്തീംഖാന എന്നിവിടങ്ങളില്‍ റാലിയും മൗലീദ് പാരായണവും അന്നദാനവും നടന്നു. വൈകീട്ട് കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി. ആനക്കര: അരിക്കാട് ഹയാത്തുല്‍ അനാം മദ്റസയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. നബിദിന ഘോഷയാത്ര, ദഫ്മുട്ട്, മിഠായി, പായസവിതരണം എന്നിവയുണ്ടായി. മാരായമംഗലം: മിഫ്ത്താഹുല്‍ ഉലൂം സെക്കന്‍ഡറി മദ്റസയില്‍ മദ്റസ പ്രസിഡന്‍റ് മരക്കാര്‍ മാരായമംഗലം പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം അബൂബക്കര്‍ ഫൈസി സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും രക്ഷിതാക്കളും റാലിയില്‍ പങ്കെടുത്തു. ചളവറ: ഇട്ടേക്കോട് മഹല്ലിന് കീഴിലെയും തൊട്ടടുത്ത മഹല്ലുകള്‍ക്ക് കീഴിലെ മദ്റസകളെയും പങ്കെടുപ്പിച്ച് ചളവറയില്‍ സംയുക്ത നബിദിന റാലി നടത്തി. വിവിധ മഹല്ലുകള്‍ക്ക് കീഴിലെ ഏഴ് മദ്റസകളിലെ ദഫ് വിദ്യാര്‍ഥികളും രക്ഷിതാക്കളും രാവിലെ ഒമ്പത് മണിയോടെ ഇട്ടേക്കോട് മഹല്ല് അങ്കണത്തില്‍ റാലിയായി എത്തി ഒരുമിച്ച് കൂടി. മഹല്ല് ഖാദി ടി. ഉണ്ണേ്യപ്പു മുസ്ലിയാരുടെ പ്രാര്‍ഥനക്ക് ശേഷം പുറപ്പെട്ട റാലി ചളവറ സെന്‍ററില്‍ സമാപിച്ചു. പൊതുസമ്മേളനത്തില്‍ മഹല്ല് മുദരിസ് അബ്ദുല്‍ ഖാദര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.