ഇ. ഷംസുദ്ദീൻ പെരിന്തൽമണ്ണ: കാർഷിക-ഭക്ഷ്യോൽപാദന രംഗത്ത് സ്വയംപര്യാപ്ത മുന്നിൽ കണ്ട് സർക്കാർ ആവിഷ്കരിക്കുന്ന സുഭിക്ഷം പദ്ധതിയുടെ ഭാഗമാവാൻ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതിയിൽ മാറ്റം വരുത്താൻ അവസരം നൽകും. പഴം, പച്ചക്കറി, ധാന്യങ്ങൾ, പാൽ, മുട്ട, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കലാണ് ലക്ഷ്യമെന്നതിനാൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ പദ്ധതികൾ ഒഴിവാക്കി പുതിയത് ചേർക്കാം. ഏപ്രിൽ ആദ്യം മുതൽ പുതിയ വാർഷിക പദ്ധതി ആരംഭിച്ചിട്ടുണ്ടെങ്കിലും മാറ്റം വരുത്താൻ അവസരമുണ്ട്. 3860 കോടിയുടെ പദ്ധതിയിൽ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കലാണ് പ്രധാന പരിപാടി. ഇത് തദ്ദേശ സ്ഥാപനങ്ങൾക്ക് വാർഷിക വിഹിതം പോലെ പങ്കിട്ട് നൽകില്ല. കൃഷി, മൃഗസംരക്ഷണം, തദ്ദേശം എന്നീ വകുപ്പുകളിലൂടെ ചെലവിടും. നിലവിൽ തരിശുഭൂമി കൃഷിയോഗ്യമാക്കിയാൽ കൃഷിവകുപ്പ് കർഷകന് ഹെക്ടറിന് 25,000 രൂപയും പാട്ടത്തിനാണെങ്കിൽ ഭൂ ഉടമക്ക് 5,000 രൂപയും നൽകുന്നുണ്ട്. നെൽകൃഷിക്കും പച്ചക്കറിക്കുമാണ് ഈ ആനുകൂല്യം. വിഡിയോ കോൺഫറൻസിലൂടെ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിശദാംശങ്ങൾ നൽകിയതല്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം വ്യക്തമാക്കി ഉത്തരവിറങ്ങിയിട്ടില്ല. ഉടമകളുടെ പങ്കാളിത്തത്തോടെയോ പൂർണ സമ്മതത്തോടെയോ 25,000 ഹെക്ടർ തരിശ് നിലം കൃഷിയോഗ്യമാക്കും. 5,000 ഹെക്ടറിൽ നെല്ല്, 7,000 ഹെക്ടറൽ പച്ചക്കറി, 7,000 ഹെക്ടറിൽ വാഴ, 500 ഹെക്ടറിൽ പയർ, 500 ഹെക്ടറിൽ ധാന്യങ്ങൾ എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.