തിരൂർ: ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ ഭിന്നശേഷി ഗ്രാമം ‘ഇന്റഗ്രേറ്റഡ് റിഹാബിലിറ്റേഷൻ വില്ലേജ്’ ആകാൻ ആതവനാട് ഒരുങ്ങുന്നു. മലബാർ മേഖലയിലെ ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും പിന്തുണയും നൽകുക എന്ന ഉദ്ദേശത്തോടെയാണ് ‘സംയോജിത പുനരധിവാസ ഗ്രാമം’ ഒരുക്കുന്നത്. ആതവനാട് പഞ്ചായത്തിൽ പുത്തനത്താണി ചുങ്കം പ്രദേശത്തെ പാലക്കാട്ട് പറമ്പിലെ അഞ്ച് ഏക്കർ ഭൂമിയിലാണ് ഗ്രാമം ഒരുക്കുക. സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന 65.5 കോടി രൂപയുടെ ബൃഹത് പദ്ധതി കേരളത്തിന് തന്നെ മാതൃകയായ സ്നേഹഗ്രാമമായി മാറും. പദ്ധതി സാക്ഷാത്കരിക്കുന്നതിന് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിരന്തര പരിശ്രമവും ഇടപെടലുകളും നടത്തിയിരുന്നു.
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ഉന്നമനം, ചികിത്സ, കൗൺസലിങ്, സ്പെഷൽ സ്കൂളുകൾ, തൊഴിൽ പരിശീലനം, പകൽ സമയ പരിചരണ കേന്ദ്രങ്ങൾ, കളിസ്ഥലം, രക്ഷാകർതൃ പരിശീലന കേന്ദ്രങ്ങൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിയറിങ്ങിന്റെ എക്സ്റ്റൻഷൻ സെൻറർ തുടങ്ങിയവ ഇവിടെ സംവിധാനിക്കും. പദ്ധതിക്ക് ആതവനാട് പഞ്ചായത്തിനെ തെരഞ്ഞെടുത്തതിൽ സാമൂഹിക നീതി മന്ത്രി ആർ. ബിന്ദുവിനും വകുപ്പിനും കുറുക്കോളി മൊയ്തീൻ എം.എൽ.എ നന്ദി രേഖപ്പെടുത്തി. ഭരണാനുമതി ലഭിച്ച 5.32 കോടിയുടെ ആദ്യഘട്ട പ്രവൃത്തിയുടെ നിർമാണോദ്ഘാടനം ഫെബ്രുവരി അവസാന വാരത്തോടെ മന്ത്രി ആർ. ബിന്ദു നിർവഹിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.