പറവണ്ണ പുത്തങ്ങാടിയിലുണ്ടായ തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ച കളരിക്കൽ
പാത്തുമോളുടെ വീട്
തിരൂർ: പറവണ്ണ പുത്തങ്ങാടിയിൽ തീപിടിത്തത്തിൽ വീടും മദ്റസയും പൂർണമായി കത്തി നശിച്ചു. പുത്തങ്ങാടി സിറാജുൽ ഉലൂം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്റസയും തൊട്ടടുത്ത് താമസിക്കുന്ന കളരിക്കൽ പാത്തുമോളുടെ വീടുമാണ് പൂർണമായും കത്തിനശിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. പുത്തങ്ങാടിയിലെ കളരിക്കൽ പാത്തുമോൾ താമസിക്കുന്ന ഓലകൊണ്ട് മേഞ്ഞ വീടിനാണ് ആദ്യം തീപിടിച്ചത്. സമീപത്തെ പറമ്പിൽനിന്നാണ് വീടിന് തീ പിടിച്ചത്. തുടർന്ന് സമീപത്തുള്ള സിറാജുൽ ഉലൂം സുന്നി മദ്റസയിലേക്കും തീ പടർന്നു. പുനർനിർമിക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർമിച്ച ഓലമേഞ്ഞ കെട്ടിടത്തിലാണ് മദ്റസ പ്രവർത്തിച്ചിരുന്നത്. ഉച്ച സമയത്തായിരുന്നതിനാൽ തീ വേഗത്തിൽ കത്തിപ്പടരുകയായിരുന്നു.
മദ്റസയിലെ ഫർണിച്ചറുകളും കത്തി നശിച്ചു. തീ പിടിച്ച സമയത്ത് താമസക്കാരി വീട്ടിലുണ്ടായിരുന്നില്ല. തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് പോയ സമയത്താണ് അപകടം. വർഷങ്ങളായി പാത്തുമോൾ ഈ വീട്ടിലാണ് താമസിച്ചുവരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ ഫയർ സ്റ്റേഷനിലെ അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. പറവണ്ണ തെക്കേ പള്ളിയിലെ ഖബർസ്ഥാനിൽ പടർന്ന തീ അണച്ച് കൊണ്ടിരിക്കെയാണ് അഗ്നിരക്ഷസേന എത്തിയത്. തിരൂർ ഫയർഫോഴ്സിൽ നിന്നുള്ള രണ്ട് യൂനിറ്റും താനൂരിൽ നിന്നുള്ള ഒരു യൂനിറ്റും എത്തിയാണ് തീ പൂർണമായും അണച്ചത്. തിരൂർ സ്റ്റേഷൻ ഓഫിസർ എ.എം. വാഹിദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.പി. ഗിരീശൻ, എസ്.പി. ശ്യാം കുമാർ, ഫയർ ഓഫിസർമാരായ കെ.പി. നൗഫൽ, കെ.ടി. ജയേഷ്, വിഷ്ണു രവീന്ദ്രൻ, എസ്. സതീഷ്, കെ. അമൽ, പി.കെ. നഗുൽ എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. വെട്ടം പഞ്ചായത്ത് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.