ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്ന നിലമ്പൂർ ജില്ല ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക്
നിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച മാതൃ-ശിശു ബ്ലോക്കിന്റെ ഉദ്ഘാടനം 14ന് ഉച്ചക്ക് 12ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ആര്യാടന് ഷൗക്കത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. എക്കോ മെഷീന് സ്വിച്ച് ഓണ്‍ പി.പി. സുനീര്‍ എം.പി നിര്‍വഹിക്കും.
ഹെര്‍ബല്‍ ഗാര്ഡന് സമര്‍പ്പണം എ.പി. അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. യു.എസ്.ജി സ്കാന്‍ സംവിധാന സമര്‍പ്പണം പി.കെ. ബഷീര്‍ എം.എല്‍.എയും നിലമ്പൂര്‍ നഗരസഭ ചെയര്പേഴ്സൻ പത്മിനി ഗോപിനാഥും നിര്‍വഹിക്കും. ജില്ല കലക്ടര്‍ വി.ആര്. വിനോദ് മുഖ്യപ്രഭാഷണം നടത്തും.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2014-15 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ 10.50 കോടി ചെലവിൽ ഒരു മാതൃ-ശിശു ബ്ലോക്ക് നിർമിച്ചത്. ബി.എസ്.എന്‍.എല്‍ സിവില്‍ വിങ്ങാണ് കെട്ടിടം നിർമിച്ചത്. ബി.എസ്.എന്‍.എല്‍ നടത്തിയ 30 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ക്ക് 2.5 കോടിയും 2022-23ല്‍ എന്‍.എച്ച്.എം ആര്.ഒ.പി പ്രകാരം അനുവദിച്ച 16.5 കോടി ഉള്‍പ്പെടെ 19 കോടിയാണ് കെട്ടിട നിര്‍മാണത്തിന് ചെലവായ മൊത്തം തുക. 46,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാല് നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ബ്ലോക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഫസ്റ്റ് ഫ്ലോറിന്റെയും ഗ്രൗണ്ട് ഫ്ലോറിന്റെയും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗം ഒ.പി, ശിശുരോഗ വിഭാഗം ഒ.പി, ഒബ്സെര്വേഷന് റൂം, പ്രതിരോധ കുത്തിവെപ്പ് മുറി, യു.എസ്.ജി സ്കാന്‍ സംവിധാനം എന്നിവ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തനം ആദ്യഘട്ടം പ്രവർത്തനം ആരംഭിക്കും.
ഏപ്രിലോടുകൂടി ലിഫ്റ്റ്, ജനറേറ്റര്‍ എന്നിവ കൂടി സജ്ജമാക്കുന്നതോടുകൂടി മാസത്തിനുള്ളില്‍ 100 കിടക്കകളോട് കൂടി കിടത്തി ചികിത്സ സൗകര്യവും ആധുനിക ലേബര്‍ റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാകും. കിടത്തി ചികിത്സ സൗകര്യങ്ങളില്‍ പ്രസവ വാര്‍ഡ്, പ്രസവാനന്തര വാര്‍ഡ്, ഗൈനക്കോളജി വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡ് എന്നിവ സജ്ജമാകും. കുട്ടികളുടെ ഐ.സി.യു, സിക് ന്യൂബോണ്‍ കെയര്‍ യൂനിറ്റ്, മൂന്ന് മേജര്‍ ഓപറേഷന് തിയറ്ററും ഒരു മൈനര്‍ ഓപറേഷന് തിയറ്ററുമുള്ള മോഡുലാര്‍ ഒ.ടി കോംപ്ലക്സ്, സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്മെന്റ്, പവര്‍ ലോണ്ട്രി, എച്ച്.വി.എ.സി സൗകര്യങ്ങള്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം എന്നീ സംവിധാനങ്ങളും ഒരുങ്ങും. മാതൃ-ശിശു ബ്ലോക്ക് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ ജില്ലയിലെ കിഴക്കന്‍ പ്രദേശത്തെയും ആദിവാസി മേഖലയിലേയും ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള മാതൃ-ശിശു ആരോഗ്യ സേവനങ്ങള്‍ നല്കാന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.