ഫ്രണ്ട്സ് ഫോര്‍ എവര്‍: സൗഹൃദം കൈമുതലാക്കി കരുതലി​െൻറ കൂട്ടായ്മ

ഫ്രണ്ട്സ് ഫോര്‍ എവര്‍: സൗഹൃദം കൈമുതലാക്കി കരുതലിൻെറ കൂട്ടായ്മ കയ്പമംഗലം: വ്യക്തികളുമായുള്ള സൗഹൃദത്തെ കാരുണ്യത്തിന് കൈമുതലാക്കി കയ്പമംഗലത്തെ ഫ്രണ്ട്സ് ഫോർ എവർ വാട്സ്ആപ് കൂട്ടായ്മ. എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, മാധ്യമപ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ തുടങ്ങി 1,200ത്തോളം അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്. 2000ത്തിൽ അക്ഷരദീപം കലാസാംസ്കാരിക സമിതിയായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ച്, 2013ലാണ് വാട്സ്ആപ് കൂട്ടായ്മയായി മാറിയത്. രണ്ടു പതിറ്റാണ്ടിനിടെ 20 നിർധന പെൺകുട്ടികളുടെ വിവാഹം, രണ്ടുപേർക്ക് വീടുവെക്കാൻ ഭൂമി, രണ്ടാൾക്ക് വീട്, രണ്ടു കുടുംബത്തിന് വീടിനുള്ള സാമ്പത്തിക സഹായം, നൂറുകണക്കിന് ചികിത്സ സഹായങ്ങൾ എന്നിങ്ങനെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ നീണ്ടുപോവുകയാണ്. രണ്ടുവർഷം മുമ്പ് ഇരിങ്ങാലക്കുടയിൽ ആരംഭിച്ച പൊതിച്ചോർ വിതരണമാണ് ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്ന്. നഗരത്തിൽ അലയുന്ന അഗതികൾക്കു വേണ്ടി അംഗങ്ങൾ തന്നെയാണ് പ്രതിദിനം 50ഓളം ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്. ഇപ്പോഴിത് മൂന്നുനേരത്തെ ഭക്ഷണമായി വികസിച്ചു. മാസങ്ങൾക്ക് മുമ്പ് കാളമുറിയിലും സമാന രീതിയിലുള്ള ഭക്ഷണ വിതരണം ആരംഭിച്ചിട്ടുണ്ട്. ലോക്ഡൗൺ സമയത്ത് 60ഓളം പേരാണ് അന്നംതേടി എത്തിയിരുന്നത്. പ്രളയകാലത്ത് ലക്ഷക്കണക്കിന്‌ രൂപയുടെ അവശ്യവസ്തുക്കൾ നിലമ്പൂരിലെത്തിച്ച കൂട്ടായ്മ കോവിഡ് കാലത്തും അടങ്ങിയിരുന്നില്ല. തീരദേശത്ത് 50 ഹാൻഡ് വാഷ് ബൂത്തുകൾ സ്ഥാപിച്ചു. സന്നദ്ധ പ്രവർത്തനങ്ങൾക്കായി 50 പേരുടെ വളൻറിയർ ഗ്രൂപ്പുണ്ടാക്കി. നിർധനരായ 100ഓളം പ്രവാസി കുടുംബങ്ങൾ, അത്രതന്നെ അന്തർ സംസ്ഥാന തൊഴിലാളികൾ, 25 ട്രാൻസ്െജൻേഡഴ്സ്, പ്രാദേശിക മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് പച്ചക്കറി, പലവ്യഞ്ജന കിറ്റുകൾ നൽകി. പ്രവർത്തന സൗകര്യം പരിഗണിച്ച് ചാരിറ്റബിൾ ട്രസ്റ്റായി മാറിയ കൂട്ടായ്മയിൽ അംഗങ്ങൾ നൽകുന്ന ചെറുതും വലുതുമായ തുക തന്നെയാണ് ജീവകാരുണ്യ പ്രവർത്തനത്തി‍ൻെറ പ്രധാന ആശ്രയം. ജൂൺ ഒന്നിന് കാളമുറി കിഴക്ക് സ്വദേശി കാഞ്ഞിരപ്പറമ്പിൽ കൃഷ്ണവേദിയുടെ വീടിന് ശിലയിടും. 80 കഴിഞ്ഞ ഈ വയോധികയുടെ വീട് മരം വീണ് തകർന്നതായിരുന്നു. ആരും ആശ്രയമില്ലാത്ത ഇവരുടെ ദുരവസ്ഥ കണ്ട് കൂട്ടായ്മ വീടുനിർമാണം ഏറ്റെടുക്കുകയായിരുന്നു. കൂട്ടായ്മയിലെ അഡ്മിൻ കൂടിയായ ഇ.ടി. ടൈസൺ എം.എൽ.എയുടെ സാന്നിധ്യത്തിൽ രാവിലെ ഒമ്പതിനാണ് ശിലയിടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.